തിരുവനന്തപുരം: ഇടുക്കി, ഇടമലയാർ, കക്കി ഡാമുകൾ ഉടൻ തുറക്കില്ല. വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ വൈദ്യുതി ബോർഡ് സിഎംഡി വിളിച്ച യോഗത്തിലാണ് തീരുമാനം. വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് യോഗം വിലയിരുത്തിയത്.
കക്കി ഡാമിൽ ജലനിരപ്പ് ഇപ്പോൾ 979 അടിയാണ്. 978 മീറ്റർ ഉള്ളപ്പോഴായിരുന്നു റെഡ് അലർട്ട് പ്രഖ്യാപിച്ചത്. എങ്കിലും ഇടുക്കി, ഇടമലയാർ, കക്കി ഡാമുകൾ നിലവിലെ സാഹചര്യത്തിൽ അടിയന്തരമായി തുറക്കേണ്ടതില്ലെന്നാണ് ബോർഡിന്റെയും സർക്കാരിന്റെയും വിലയിരുത്തൽ. ഉത്പാദനം കൂട്ടി ജലവിതാനം നിയന്ത്രിച്ച് നിർത്താൻ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്.
നിലവിൽ ഡാമുകളുടെ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. ഇന്ന് രാത്രിയുള്ള മഴയുടെ സാഹചര്യം കൂടി കണക്കിലെടുത്താകും തുടർ തീരുമാനം. നിലവിലെ കാലാവസ്ഥാ പ്രവചന പ്രകാരം മഴ കുറയും എന്നത് കൊണ്ട് തന്നെ ഈ ഡാമുകൾ തുറക്കേണ്ട സാഹചര്യം ഇല്ല.