പത്തനംതിട്ട :പത്തനംതിട്ട ജില്ലയിൽ കനത്ത മഴ തുടരുന്നു. ഇതേതുടർന്ന് മഴകുറ്റൂർ -ആറാട്ടുകടവ് -ഓതറ റോഡിൽ ഗതാഗതം സ്തംഭിച്ചു.മണിമലയാർ കരകവിഞ്ഞു ഒഴുകിയതിനെ തുടർന്നാണ് ഗതാഗതം തടസ്സപ്പെട്ടത്. അതിശക്തമായ നീരൊഴുക്കാണ് ഈ പ്രദേശത്ത് .നിരവധി വീടുകളിലും വെള്ളം കയറിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ്.ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു
കനത്ത മഴയിൽ മല്ലപ്പള്ളി ടൗൺ വെള്ളത്തിൽ മുങ്ങി. പോരുട്ടുകാവിൽ 10 വീട്ടുകാർ കുടുങ്ങി. പുല്ലാട് – മണിമല റൂട്ടിൽ വെള്ളം കുത്തിയൊഴുകി ഗതാഗതം ഉൾപ്പെടെ തടസപ്പെട്ടു. ശക്തമായ മഴ കാരണം മല്ലപ്പള്ളി പ്രദേശത്തെ സമീപവാസികൾ ദുരിതത്തിലാണ്. മല്ലപ്പള്ളിയിലെ സ്വകാര്യ ബസ്സ്റ്റാൻഡ്, കെ എസ് ആർ ടി സി ബസ് ഗ്യാരേജ് തുടങ്ങി എല്ലായിടങ്ങളും വെള്ളത്തിൽ മുങ്ങി. മണിമലയാർ ദിശ മാറിയൊഴുകുന്ന സാഹചര്യത്തിൽ വലിയ രീതിയിലുള്ള പ്രതിസന്ധിയിലാണ് പ്രാദേശിക വാസികൾ.
മണിമലയാർ,അച്ഛൻ കോവിൽ കൈവഴികളിൽ മഴ രൂക്ഷമായ സാഹചര്യമാണ്. മണിമലയാട്ടിന്റെ തീരത്താണ് കേരളത്തിൽ ഏറ്റവും കൂടുതൽ ദുരിതാശ്വാസ ക്യാമ്പ് ഉള്ളത്. 18 ദുരിതാശ്വാസ ക്യാമ്പുകളിലായി 88 കുടുംബങ്ങളെയാണ് മല്ലപ്പള്ളി താലൂക്കിൽ മാത്രം മാറ്റി പാർപ്പിച്ചത്. ഇതുവരെ 427പേരെയാണ് മല്ലപ്പള്ളി താലൂക്കിൽ മാറ്റി പാർപ്പിച്ചിരിക്കുന്നത്.