തിരുവനന്തപുരം; മഴക്കെടുതിയുമായി ബന്ധപ്പെട്ട് കേരളത്തിലെ സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി ടെലിഫോണിൽ വിളിച്ച് സംസ്ഥാനത്തെ മഴക്കെടുതികൾ സംബന്ധിച്ച വിവരങ്ങൾ ആരാഞ്ഞുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതിതീവ്രമഴയും ഉരുൾപൊട്ടലും അതിന്റെ ഫലമായി ഉണ്ടായ ആൾനാശവും സംസ്ഥാനത്തിന് കനത്ത ആഘാതം ഏൽപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ആവശ്യമായ സഹായങ്ങൾ കേന്ദ്രം നൽകാമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ മഴക്കെടുത്തിയിൽ മരിച്ചവരുടെ എണ്ണം 22 ആയി. കോട്ടയം, ഇടുക്കി ജില്ലകളിലുണ്ടായ ഉരുൾപൊട്ടലിലാണ് കൂടുതൽ പേർ മരിച്ചത്. കോട്ടയത്ത് 13 പേരും ഇടുക്കിയിൽ എട്ട് പേരും കോഴിക്കോട് വടകരയിൽ ഒരു കുട്ടിയുമാണ് മരിച്ചത്.
കോട്ടയം കൂട്ടിക്കലിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ ആറ് പേർ ഉൾപ്പെടെ 11 പേരാണ് മരിച്ചത്. കൂട്ടിക്കലിലെ കാവാലിയിലും പ്ലാപ്പള്ളിയിലുമായാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ഏഴ് മൃതദേഹങ്ങളാണ് ഇന്ന് ഇവിടെനിന്നും കണ്ടെത്തിയത്. ഇവിടെ ഇനി എത്ര പേരെ കണ്ടെത്താനുണ്ടെന്ന് കൃത്യമായ വിവരമില്ല.