സുധകുട്ടി എഴുതുന്നു – പെയ്തൊഴിയാതെ
എന്തൊരു അമൂർത്തമായ ആവേശവും ആരാധനയുമായിരുന്നെന്നോ കെ.ആർ ഗൗരി എന്ന വിപ്ലവനായികയോട്, എനിക്കെന്നും. എൻ്റെ തലമുറയിലെ മഹാഭൂരിപക്ഷത്തിനും അങ്ങനെയാവാനേ തരമുള്ളൂ.
ആലപ്പുഴയിൽ ആറാട്ടുവഴിയിലുള്ള എൻ്റെ വീടിന് മുന്നിലെ പട്ടൻ്റെ വെളി എന്നറിയപ്പെടുന്ന ഒരു മൈതാനമുണ്ട്. അവിടെ ചില വൈകുന്നേരങ്ങളിൽ മുളങ്കാലിൽ കെട്ടി ഉയർത്തിയ സ്റ്റേജിൽ ഉന്നതശീർഷയായ പെണ്ണൊരുത്തി തീപ്പൊരിയായ് ആളിപ്പടരുന്നത് കാണാൻ സ്കൂൾ കുട്ടിയായിരുന്ന ഞാൻ പൂമുഖത്തെ അരമതിലിൽ അള്ളിപ്പിടിച്ച് കയറിയിരുന്നത് നിറം ചോരാത്ത ഓർമയാണ് ഇന്നും.
നാല് മണിക്ക് സ്കൂൾ വിട്ട് വരുമ്പോഴേ ഉച്ചഭാഷിണിയിലൂടെ വിപ്ലവഗാനങ്ങൾ ഒഴുകിത്തുടങ്ങും.”ബലി കുടീരങ്ങളേ, സ്മരണകളിരമ്പും…. ” എന്ന ആവേശോജ്വലമായ പാട്ടിൻ്റെ വരികൾ നാട്ടാരെ ഒന്നാകെ പ്രകമ്പനം കൊള്ളിക്കും.. പടപ്പാട്ടുകളുയർത്തുന്ന ആവേശ ലഹരിയിൽ മൈതാനത്തേക്ക് ആളുകൾ ഇരമ്പിയെത്തും.മൈക്ക് പ്രവർത്തിപ്പിക്കാനുള്ള കറൻ്റ് വലിച്ചിരുന്നത് എൻ്റെ വീട്ടിൽ നിന്നാണ് എന്നതിൽ സ്വകാര്യമായ് അഹങ്കരിച്ചിരുന്ന കാലം. രാഷ്ട്രീയ ഭേദമില്ലാതെ സമ്മേളനങ്ങൾക്ക് വൈദ്യുതി നൽകിയിരുന്നു.
നിരവധി നേതാക്കന്മാരുടെ ഗർജ്ജന തുല്യമായ രാഷ്ട്രീയ പ്രസംഗങ്ങൾ കേട്ടിട്ടുണ്ടെങ്കിലും ബി.വെല്ലിംഗ്ടൺ ,കെ.ആർ ഗൗരിയമ്മ എന്നിവരുടെ ശബ്ദഗാംഭീര്യം കാലം എത്ര പിന്നിട്ടിട്ടും മറക്കാവതല്ല. സാരിയുടുത്ത ,മുടി ഉയർത്തി കെട്ടിയ പ്രൗഢയും ,തൻ്റേടിയുമായ സ്ത്രീ അതായിരുന്നു മനസ്സിൽ പതിഞ്ഞ ഗൗരിയമ്മ. തോണ്ടൻകുളങ്ങര ക്ഷേത്രത്തിൽ ഇടയ്ക്കിടെ തൊഴാൻ പോകുന്ന പതിവുണ്ടായിരുന്നു ഞങ്ങൾ കുട്ടിസംഘത്തിന് . വാടത്തോടിന് കുറുകെയുള്ള പാലമിറങ്ങി നേരേ നടന്നാൽ ചാത്തനാടെത്തും. അവിടെയാണ് ഗൗരിയമ്മയുടെ വീട് എന്നറിഞ്ഞതിൽ പിന്നെ ആ
വഴിക്കുള്ള സഞ്ചാരം ഞാനേറെ ഇഷ്ടപ്പെട്ടിരുന്നു. ഗൗരിയമ്മയും ടി.വി തോമസും താമസിക്കുന്ന വീട്. ആ വീടിൻ്റെ മുന്നിൽ എത്തുമ്പോൾ നടത്തം മറന്ന് എന്തിനെന്നറിയാതെ നോക്കി നിന്നതും ഓർമയിലുണ്ട്.
എൻ്റെ അച്ഛനും ടി വി തോമസും സുഹൃത്തുക്കളായിരുന്നു. രാഷ്ട്രീയ ചുവടുമാറ്റം, പിന്നീട് പാർട്ടി പിളർന്നത് ഇങ്ങനെ പല കാരണങ്ങളാലും പിന്നീടവർ പരസ്പരം മിണ്ടാതായി. ഒരിക്കൽ മൈതാനത്ത് സംഘടിപ്പിച്ച രാഷ്ട്രീയ യോഗത്തിൽ പ്രസംഗിക്കാനെത്തിയ ടി.വി തോമസ് വീട്ടിൽ വന്നതും അച്ഛൻ പിണങ്ങി നടക്കുന്നുവെന്ന് എൻ്റെ അമ്മയോട് പരാതി പറഞ്ഞതും ഓർമയിലുണ്ട്.
അതെന്തുമാവട്ടെ, എക്കാലത്തും സിലബസ്സിൽ ഉൾപ്പെടാത്ത പാഠമായിരുന്നിട്ടും ഞാൻ വായിച്ച് പഠിക്കാൻ തെരഞ്ഞെടുത്ത ജീവിതം കെ.ആർ ഗൗരിയുടേതായിരുന്നു. നിലപാടുകളിലെ ആർജവവും പോരാട്ട വീര്യവും നിറഞ്ഞ സ്ത്രീ എന്ന നിലയിൽ എന്നെ ആഴത്തിൽ സ്വാധീനിച്ച വ്യക്തിത്വം അവരുടേതായിരുന്നു.
ഗൗരിയമ്മ മന്ത്രിയായിരിക്കെ, സർക്കാർ പ്രസിദ്ധീകരണത്തിൻ്റെ എഡിറ്ററായി ഞാൻ സെക്രട്ടറിയേറ്റിലുണ്ട്. എപ്പോൾ വേണമെങ്കിലും സന്ദർശിക്കാം. എൻ്റെ ഇഷ്ടം പറയാം. അടുത്തിടപെടാനുള്ള നിരവധി അവസരങ്ങളുണ്ടായി. എന്നിട്ടും ഞാനരികെ ചെന്നില്ല.”ജനപഥ” ത്തിലേക്ക് മന്ത്രിയുടെ അഭിമുഖം വേണം. പ്രൈവറ്റ് സെക്രട്ടറി വിജയലക്ഷ്മിയെ വിളിച്ചപ്പോൾ അവർ സ്നേഹ സ്വാതന്ത്യത്തോടെ ചോദിച്ചു.
” ഒരേ നാട്ടുകാരല്ലേ, നിങ്ങൾ. വരൂ.എന്തിന് മടിക്കണം”
എന്ത് കൊണ്ടോ പോകാൻ തോന്നിയില്ല. സഹപ്രവർത്തകയെ വിട്ട് അഭിമുഖം എടുത്തു. ആരാധനയോടെ അതിലേറെ ആദരവോടെ തെല്ലകന്ന് നിന്ന് സ്നേഹിക്കാനായിരുന്നു ഞാൻ ആഗ്രഹിച്ചത്. ഒറ്റക്ക് നിൽക്കുന്ന കുന്നിൻ്റെ ഔന്നത്യം കുറച്ച് മാറി നിന്ന് കാണുന്നതല്ലേ ഭംഗി. ആറാട്ടുവഴി മൈതാനത്തെ തട്ടിക്കൂട്ട് സ്റ്റേജിൽ ഉയർത്തി പിടിച്ച ശിരസ്സുമായി നിന്ന് വാക്ചാതുര്യത്താൽ എൻ്റെ ബാല്യത്തെ വിപ്ലവാഭിമുഖ്യതയുടെ കുട്ടിക്കുപ്പായം ഇടുവിച്ച ആ രാഷ്ട്രീയ വ്യക്തിത്വം നിയമസഭയിൽ തിളങ്ങുന്നത് ഓഫീസേഴ്സ് ഗ്യാലറിയിൽ ഇരുന്ന് കാണാനും കാലം എന്നോട് ദയ കാണിച്ചു. കുട്ടിക്കാലത്ത് അനുഭവിച്ചറിഞ്ഞ അതേ അത്ഭുതാതിരേകം അപ്പോഴും എന്നെ പരിരംഭണം ചെയ്തു. ചില മുന്തിയ തരം വിസ്മയങ്ങൾ ഉള്ളിൽ പമ്മിപ്പമ്മി നുരയുന്നതിലായിരുന്നു എനിക്ക് കമ്പം. മുറിവേറ്റ സിംഹമായ് ഒരു കമ്യൂണിസ്റ്റിതര സർക്കാരിൽ എനിക്കവരെ കാണാൻ എന്തോ കെല്പില്ലായിരുന്നു.
ചരിത്രം പലപ്പോഴായി പലർ ചേർന്നുണ്ടാക്കുന്നതാണ്. അതിൽ കൂട്ടിച്ചേർക്കലുകളും തരാതര വ്യാഖ്യാനങ്ങളും നിരവധിയുണ്ടാകും. ഉത്തരം കിട്ടാനിടയില്ലാത്ത ചോദ്യങ്ങൾക്കാണ് ചരിത്രത്തിൽ പഞ്ഞം. ഗൗരിയമ്മയും ഒടുക്കം ഒരു ചോദ്യമായ് ചാത്തനാട്ടെ വീടിൻ്റെ ചുവരിനുള്ളിലേയ്ക്ക് ഒതുങ്ങി. രാഷ്ട്രീയ ഗതിവിഗതികൾ തിരിച്ചറിയുന്ന പ്രായത്തിലല്ലെങ്കിലും കെ.ആർ ഗൗരി എന്ന പ്രതിഭാസത്തിൻ്റെ ഉടുത്തു കെട്ടിലും ഗാംഭീര്യത്തിലും മനം മയങ്ങിയ ഞാൻ കുട്ടിക്കാലത്ത് തന്നെ അവരോട് അനുരാഗപ്പെട്ട് പോയിരുന്നു. കുറച്ചു കൂടി മുതിർന്നപ്പോൾ മനസ്സ് വെറുതെ കലമ്പൽ കൂട്ടി അവരോട് നിശ്ശബ്ദം ചോദിച്ചു.
“നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കീ”ല്ലേ, എന്ന്.
കമ്യൂണിസ്റ്റ് ആശയങ്ങളെ പാടേ നിരാകരിച്ച ഒരച്ഛൻ്റെ മകളായി പിറന്നിട്ടും സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കാൻ സ്വാതന്ത്യമുള്ള, അവ്വിധം വിലക്കുകളേതുമേയില്ലാത്ത കുടുംബത്തിൽ ജീവിക്കാൻ കഴിയുന്നതും ഒരു ഭാഗ്യം തന്നെയാണ്.
പിന്നെയും മുതിർന്നപ്പോഴാണ് കെ.ആർ ഗൗരി എന്ന സ്ത്രീയെ ഞാൻ കൂടുതൽ തിരിച്ചറിയാൻ ശ്രമിച്ചത്. കേവലാരാധനയുടെ പുറന്തോടിളക്കി മാറ്റി ആ വ്യക്തിത്വത്തെ ഹൃദയത്തോട് ചേർത്ത് നിരീക്ഷിച്ചപ്പോൾ ജീവിതത്തിലുടനീളം അവർ ഉയർത്തിപ്പിടിച്ച ആശയസംഹിതകളെ യായിരുന്നില്ല, പകരം ഒരു അസാധാരണ സ്ത്രീയുടെ സാധാരണ മനസ്സാണ് കണ്ടത്.ജീവിതം അതിലേല്പിച്ച പോറലുകളെയും ക്ഷതങ്ങളെയുമാണ്. കരുത്തിൻ്റെയും പോരാട്ട വീര്യത്തിൻ്റെയും വിപ്ലവ നക്ഷത്രം എന്ന് സമൂഹം പെരുമ്പറ മുഴക്കുമ്പോഴും , ജീവിതത്തിൽ അമ്പേ പരാജയപ്പെട്ടു പോയ ഒരു സ്ത്രീയായിരുന്നില്ലേ ഗൗരിയമ്മ.
കുഞ്ഞുന്നാളിൽ പിതാവ് വാത്സല്യത്തോടെ വിളിച്ച ഗൗരിയമ്മാളേ എന്ന സംബോധന ഗൗരിയമ്മയായി പരിണമിച്ചതിൽ സന്തോഷിച്ചിരുന്ന മകൾ… ചങ്ങമ്പുഴയുടെ സഹപാഠി ,കുറ്റിപ്പുഴയുടെയും ജി.ശങ്കരക്കുറുപ്പിൻ്റെയും ശിഷ്യ …
കാതരമായൊരു പ്രണയത്തിൻ്റെ പട്ടുനൂലിഴയാൽ ചുറ്റപ്പെട്ടവൾ… തികഞ്ഞ കമ്യൂണിസ്റ്റ് ആയിരുന്നിട്ടും
ശ്രീകൃഷ്ണ സങ്കല്പം മനസ്സിൽ ലാളിച്ചിരുന്ന സ്വപ്നാടക… അങ്ങനെ എത്രയെത്ര അഭിരാമ സ്വപ്നങ്ങളാലാവും ജീവിതത്തെ അവർ ഒപ്പം ചേർത്തു പിടിച്ചിട്ടുണ്ടാവുക ?
വിശ്വസിച്ച ആദർശങ്ങളും വിശ്വസിച്ച പുരുഷനും അവരിൽ ഏല്പിച്ച മുറിവുകളുടെ ആഴമെത്ര ? അഭിശപ്ത രാത്രികളിൽ ആരോരുമറിയാതെ എത്രയോ തവണ നെഞ്ചകം നീറി നീറി അവർ കരഞ്ഞിട്ടുണ്ടാവും ? സംസ്ഥാന സർക്കാരിന് വേണ്ടി
കെ.ആർ ഗൗരിയെപ്പറ്റിയുള്ള ഡോക്യുമെൻ്ററി ചെയ്യാൻ കെ.ആർ മോഹനൻ എന്ന സംവിധായകനെ നിയോഗിച്ചത് ഞാൻ ആ വിഭാഗത്തിൻ്റെ ചുമതല വഹിക്കുമ്പോഴാണ്.
ആലപ്പുഴയിൽ ഗൗരിയമ്മയുടെ വീട്ടിൽ ഷൂട്ടിംഗ് നടക്കുന്നതിനിടെ മോഹനേട്ടൻ പല വട്ടം ക്ഷണിച്ചെങ്കിലും ഞാൻ പോയില്ല.
ഷൂട്ടിംഗ് പൂർത്തീകരിച്ച് എന്നെ കാണാനെത്തിയപ്പോൾ അദ്ദേഹം പറഞ്ഞു.” ഈ പ്രോജക്ടിലേയ്ക്ക് എൻ്റെ പേര് നിർദ്ദേശിച്ചതിന് നന്ദി. ഇത് ഒരു നിയോഗമായിരുന്നെന്ന് ഞാൻ തിരിച്ചറിയുന്നു. എൻ്റെ ചില രാഷ്ട്രീയ ബോധ്യങ്ങളെ , ബന്ധങ്ങളുടെ കാല്പനിക നൈര്യന്തരങ്ങളെ ഒന്നാകെ പിഴുതെറിഞ്ഞു അവർ. സ്വകാര്യതയുടെ നനവുകളിലേയ്ക്ക് ഒന്നും ക്യാമറയിലാക്കരുതെന്ന സ്നേഹ ശാസനയോടെ എന്നെ നയിച്ചു.
ഇന്നേ വരെ കണ്ടിട്ടില്ലാത്ത തരള ചിത്തയായ മറ്റൊരു ഗൗരിയമ്മയെയാണ്, ഞാൻ അവിടെ കണ്ടത്. വായിച്ചറിഞ്ഞതിനും, കേട്ടു പഴകിയതിനുമപ്പുറം ചിലതുണ്ട്. അവരുടെ മുന്നിൽ നമ്മളൊക്കെ എന്ത് കമ്യൂണിസ്റ്റ് , ച്ഛേ …. ”
മോഹനേട്ടൻ പാവമായത് കൊണ്ട് ചിലത് കൂടി പറഞ്ഞു. എഴുതാനാവാത്തത്. അദ്ദേഹത്തിൻ്റെ കണ്ണുകൾ നിറഞ്ഞു…ശബ്ദമിടറി..
കെ.ആർ ഗൗരി ഇന്നില്ല. ആലപ്പുഴ വലിയ ചുടുകാട്ടിലെ മണൽത്തരികൾ വീണ്ടും സമരപുളകത്തിൻ്റെ സിന്ദൂരമാലകളണിഞ്ഞ് കോരിത്തരിച്ചിരിക്കും. ആകാശവും ഭൂമിയും ആ ചരിത്ര നിയോഗത്തിന് നിശബ്ദ സാക്ഷിയായി നിന്നിരിക്കും. .
കൽപ്പകവാടിക്കാരൻ്റെ സിനിമാ ക്കഥയിലെ അവസാന രംഗംപ്പോലെ “അമ്മേ… ലാൽസലാം” എന്ന് യാത്രാമൊഴി നൽകാൻ ഛിന്നഭിന്നമായ മനസ്സുമായ് ആരേലും, അവരുടെ ജീവിത പങ്കാളിയുടെ പിൻതലമുറയിൽ നിന്നൊരു ചെറുബാല്യക്കാരൻ ഉദകക്രിയ പൂർത്തിയാക്കാൻ അവിടെ കാത്ത് നിന്നിട്ടുണ്ടാകുമോ?