കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ രാവിലെയായിരുന്നു സംഭവം. ഒടുവില്‍ നാട്ടുകാരും അഗ്‌നിരക്ഷാ സേനയും ചേര്‍ന്നാണ് യുവാവിനെ കരയിലെത്തിച്ചത്. കരയിലെത്തിക്കുന്നതിനെ ഇയാള്‍ എതിര്‍ത്തു. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെയാണ് കരയിലെത്തിച്ചത്.
തോട്ടട കടപ്പുറത്ത് നിന്ന് 200 മീറ്റര്‍ അകലെ കടലിലുള്ള പാറയിലാണ് രാജേഷ് നീന്തിയെത്തിയത്. പാറയിലേക്ക് കൂറ്റന്‍ തിരമാലകള്‍ അടിച്ച് കയറുന്നത് കണ്ട നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് കണ്ണൂരില്‍ നിന്ന് അഗ്‌നിരക്ഷാ സേന എത്തുകയായിരുന്നു. മടങ്ങി വരാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ബലമായി കൂട്ടിക്കൊണ്ട് വരികയായിരുന്നു.