സംസ്ഥാനത്ത് രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ ദുരന്ത ഭൂമിയായി മാറി കേരളം. മധ്യകേരളത്തിൽ കനത്ത നാശം വിതച്ച മഴയിൽ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. ഏതാനും പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. കുന്നിളകി വന്ന മണ്ണിനടിയിൽ എവിടെയെങ്കിലും ജീവന്റെ തുടിപ്പ് ശേഷിക്കുന്നുണ്ടോ എന്ന തിരച്ചിലിലാണ് എൻഡിആർഎഫ് സംഘവും, പോലീസും, ഫയർ ഫോഴ്‌സും, നാട്ടുകാരുമെല്ലാം.
ഇന്നലെ ഉരുൾപൊട്ടലുണ്ടായ കോട്ടയം മുണ്ടക്കയം കൂട്ടിക്കലിൽ നിന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തു. കാവാലിയിലും പ്ലാപ്പള്ളിയിലുമായി ഇതുവരെ ആറ് മൃതദേഹമാണ് കണ്ടെടുത്തത്. മരിച്ചവരിൽ അഞ്ച് പേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഈ കുടുംബത്തിലെ ഒരാളെ കൂടി കണ്ടെത്താനുണ്ട്. ചോലത്തടം കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി കാവാലി ഒറ്റലാങ്കലിലെ മാർട്ടിന്റെ ഭാര്യയും മക്കളും ഉൾപ്പെടെ ആറ് പേരിൽ അഞ്ച് പേരുടെ മൃതദേഹവും ലഭിച്ചു. മാർട്ടിൻ, അമ്മ അന്നക്കുട്ടി, മാർട്ടിന്റെ ഭാര്യ സിനി, മക്കളായ സ്‌നേഹ, സോന, സാന്ദ്ര എന്നിവരാണ് ദുരന്തത്തിൽ പെട്ടത്. അപകടം ഉണ്ടാകുന്ന സമയത്ത് എല്ലാവരും വീട്ടിൽ ഉണ്ടായിരുന്നു. മൂന്ന് കുട്ടികളും വിദ്യാർത്ഥികളാണ്. ഇവരിൽ മൂന്നുപേരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. രണ്ട് പേരുടേത് ഇന്ന് കണ്ടെടുത്തു. മാർട്ടിൻ,സിനി, ,സ്നേഹ, സോന,അന്നക്കുട്ടി എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയ്ത. ഇനി കണ്ടെത്താനുള്ളത് മാർട്ടിന്റെ ഇളയമകൾ സാന്ദ്രയെ ആണ്. ഇവരുടെ വീട് സമീപത്തെ തോട്ടിലേക്ക് പതിക്കുകയായിരുന്നു. ഈ തോട്ടിൽ നിന്നാണ് ഇന്ന് മൃതദേഹം കിട്ടിയിരിക്കുന്നത്. ഓട്ടോ ഡ്രൈവറായ ഷാലറ്റിന്റെ മൃതദേഹവും ഇന്ന് രാവിലെ കണ്ടെത്തിയിരുന്നുത്. കൂട്ടിക്കൽ വെട്ടിക്കാനത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. ഷാർലറ്റ് ഇവിടെ ഒരു പുതിയ വീട് പണിയുന്നുണ്ടായിരുന്നു, അവിടേക്ക് എത്തിയപ്പോഴാണ് ദുരന്തത്തിൽ പെട്ടത്.
കഴിഞ്ഞ ദിവസം കനത്ത മഴയിൽ പാലം കടക്കാൻ ശ്രമിക്കുന്നതിനിടെ കുത്തൊഴുക്കില്‍പ്പെട്ട് കാർ അപകടത്തിൽപ്പെട്ടതിന്റെ ചിത്രം. കൂത്താട്ടുകുളം കിഴകൊമ്പ് അമ്പാടിയില്‍ നിഖില്‍ ഉണ്ണികൃഷ്ണന് (30), കൂത്താട്ടുകുളം ഒലിയപ്പുറം വട്ടിനാല്‍പുത്തന്‍പുരയില്‍ നിമ കെ. വിജയന്‍ (31) എന്നിവരാണ് മരിച്ചത്.
ഇവർ സഞ്ചരിച്ച കാർ ശനിയാഴ്ച രാവിലെ കാഞ്ഞാർ മൂന്നുങ്കവയൽ കച്ചിറമറ്റം തോടിനു കുറുകെയുള്ള പാലത്തിൽ അപകടത്തിൽപ്പെടുകയായിരുന്നു. പാലം കടക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ വിലക്കിയെങ്കിലും കാർ മുന്നോട്ട് എടുക്കുകയായിരുന്നെന്ന് പറയുന്നു. പോകാൻ കഴിയില്ലെന്ന് മനസ്സിലായതോടെ ഡോർ തുറന്നു പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടെ കാർ ഒഴുക്കിൽപ്പെട്ട് സമീപത്തെ തോട്ടിലൂടെ 500 മീറ്ററോളം താഴേക്ക് പോയി. സംഭവമറിഞ്ഞ് എത്തിയ കാഞ്ഞാര്‍ പൊലീസും മൂലമറ്റം അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിന് ഒടുവിലാണ് ഇരുവരുടെയും മൃതദേഹങ്ങളും കാറും കണ്ടെത്തിയത്.
കുട്ടിക്കാനം റോഡിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ വാഹനങ്ങൾ. മലവെള്ള കുത്തൊഴുക്ക് കോട്ടയത്തിന്റെ മലയോരത്ത് വിതച്ചത് വൻ ദുരന്തം. അതിതീവ്രമഴക്കൊപ്പം ഉരുൾപൊട്ടിയതോടെ ചരിത്രത്തിലിന്നുവരെ കാണാത്ത വെള്ളപ്പാച്ചിലിനാണ് കൂട്ടിക്കൽ, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പൂഞ്ഞാർ തെക്കേക്കര, ഏന്തയാർ, കൊക്കയാർ, പൂഞ്ഞാർ മേഖലകൾ സാക്ഷിയായത്. ഉരുൾപൊട്ടിയതിനൊപ്പം വലിയതോതിൽ മണ്ണിടിച്ചിലുണ്ടായി. ഇതോടെ പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. രാത്രി വൈകിയും പല പ്രദേശങ്ങളിലേക്കും രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിഞ്ഞിട്ടില്ല. മണ്ണിടിച്ചിലിനെത്തുടർന്ന് കെ.കെ റോഡിലെ ഗതാഗതവും തകരാറായി.
രണ്ടര മണിക്കൂറോളം തുടർച്ചയായി പെയ്ത മഴയാണ് ഉരുൾപൊട്ടലിന് ഇടയാക്കിയത്. കൂട്ടിക്കലിലെ കാവാലി, പ്ലാപ്പള്ളി എന്നിവിടങ്ങളിലുണ്ടായ ഉരുൾപ്പൊട്ടൽ സമാനതകളില്ലാത്ത ദുരന്തത്തിന് ഇടയാക്കിയപ്പോൾ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ ചോലത്തടത്തടക്കം ഉരുൾപൊട്ടി വലിയ തോതിൽ വെള്ളം കുതിച്ചൊഴുകി. ഇതിൽ മഹാപ്രളയകാലത്തും പോലും മുങ്ങാത്ത പ്രദേശങ്ങളും വീടുകളും വെള്ളത്തിനടിയിലായി. കൊക്കയാർ പഞ്ചായത്തിലെ ഉറുമ്പിക്കര ടോപ്പ് അടക്കം മറ്റ് പലയിടങ്ങളിലും ഉരുൾ പൊട്ടി. അമ്പതോളം കുടുംബങ്ങളെ ഏന്തയാർ ജെ.ജെ മർഫി സ്കൂളിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. മുണ്ടക്കയം കോസ്വേ അടക്കം വെള്ളത്തിലായതോടെ വിവിധ റോഡുകളിലൂടെയുള്ള ഗതാഗതവും ജില്ലഭരണകൂടം നിരോധിച്ചു.
കൂട്ടിക്കൽ മേഖലയിലാണ് വൻനാശമുണ്ടായത്. ഉരുളിൽ പലരുടെയും ജീവനെടുത്തതിനൊപ്പം നിരവധി വീടുകളും കടകളും തുടച്ചുനീക്കി. പലതും വെള്ളത്തിനടിയിലായി. കൂട്ടിക്കൽ ടൗണിലടക്കം വെള്ളം നിറഞ്ഞതോടെ പഞ്ചായത്ത് പൂർണമായും ഒറ്റപ്പെട്ടു. കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ ശനിയാഴ്ച ഉച്ചക്ക് ഒന്നോടെയായിരുന്നു അപകടം. ഇവിടെ രണ്ടു വീടുകളും ഒരു കടയും ഒലിച്ചുപോയി. കാണാതായവർക്കായി തിരച്ചിൽ തുടരുകയുമാണ്.
കനത്ത മഴയിൽ കാഞ്ഞിരപ്പള്ളി ടൗൺ വെള്ളത്തിൽ മുങ്ങി. നഗരത്തിലെ കടകളിലും വെള്ളം കയറി. കാഞ്ഞിരപ്പള്ളി ടാക്‌സി സ്റ്റാൻഡ്, മണിമലയിലേക്കുള്ള റോഡ് എന്നിവ മുങ്ങി. ഇവിടെ ജെ.സി.ബിയടക്കം വെള്ളത്തിലായി. ആദ്യമായാണ് കാഞ്ഞിരപ്പള്ളി ടൗണിൽ ഇത്രയും വെള്ളം ഉയരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ഗതാഗതവും പൂർണമായും തടസ്സപ്പെട്ടു. ശനിയാഴ്ച ഉച്ചയോടെ വലിയതോതിൽ ജലനിരപ്പ് ഉയർന്നു. ഇത്തരത്തിൽ വെള്ളം ഉയരുന്നത് ആദ്യമാണെന്ന് നാട്ടുകാർ പറയുന്നു. കാഞ്ഞിരപ്പള്ളി ഇടക്കുന്നത് നിർത്തിയ സ്കൂൾ ബസ് വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. കാഞ്ഞിരപ്പള്ളി 26ാം മൈലിൽ വെള്ളം കയറിയതിനാൽ എരുമേലി- മുണ്ടക്കയം ഭാഗത്തേക്ക് യാത്രാ നിരോധനം ഏർപ്പെടുത്തി.
പൂഞ്ഞാർ സെൻറ് മേരീസ് പള്ളിക്ക് മുന്നിൽ കെ.എസ്.ആർ.ടി.സി ബസ് വെള്ളക്കെട്ടിൽ മുങ്ങി. ഈരാറ്റുപേട്ടക്ക് പോകുന്ന ബസ് പള്ളിക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം മുങ്ങിയത്. യാത്രക്കാരെ നാട്ടുകാർ രക്ഷപ്പെടുത്തി. ചോലത്തടം, കൈപ്പള്ളി, പാതമ്പുഴ ഭാഗത്ത് മണ്ണിടിച്ചിലുണ്ടായി. മന്നം ഭാഗത്ത് ആൾത്താമസമില്ലാത്ത വീട് ഒലിച്ചുപോയി. പാതാമ്പുഴ കുഴുമ്പള്ളിയിൽ പന്നിഫാം ഒലിച്ചുപോയി. പൂഞ്ഞാർ തേക്കേക്കരയിൽ ശനിയാഴ്ച രാവിലെ 9.40 മുതലുള്ള ഒരുമണിക്കൂറിനുള്ളിൽ കനത്ത മഴയാണ് പെയ്തത്. 50.2 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.
പുല്ലുപാറയിലെ ഉരുള്‍പൊട്ടൽ പെട്ടവരെ രക്ഷിച്ച് കെഎസ്ആർടിസി ജീവനക്കാർ. എരുമേലിയിലേക്ക് സർവീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി ബസിലെ ജീവനക്കാരാണ് പുല്ലുപാറയിൽ ഉരുൾപൊട്ടലിൽപ്പെട്ടവരുടെ രക്ഷയ്ക്കെത്തിയത്. മലവെള്ളപ്പാച്ചിലിൽ ഒഴുകിവന്ന രണ്ടുപേരെയാണ് രക്ഷപ്പെടുത്തിയത്. ഇന്നലെ രാവിലെയാണ് പുല്ലുപാറയിൽ ഉരുൾപൊട്ടിയത്. ആ സമയത്ത് നിരവധി വാഹനങ്ങൾക്കൊപ്പം കെഎസ്ആർടിസി ബസും റോഡിലുണ്ടായിരുന്നു. വെള്ളം ഒഴുകി ബസ്സിനടുത്തേക്ക് വരുന്ന ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ഒരു കുട്ടിയും മറ്റൊരാളും ഒഴുകിവരുന്നത് കണ്ടക്ടർ കണ്ടു. അദ്ദേഹം പെട്ടെന്ന് അവരെ ചാടിപ്പിടിച്ച് വണ്ടിയിൽ കയറ്റി. അതിനു ശേഷം കാറിനടിയിൽ ഒരു സ്ത്രീയുടെ കാൽ ഉടക്കി കിടക്കുന്നത് കണ്ടു. കാർ പൊക്കി അവരെ എഴുന്നൽപ്പിച്ച് അവരെയും ബസ്സിൽ കയറ്റി. അവിടെയുണ്ടായിരുന്ന വാഹനങ്ങളിൽ ഏതാണ്ട് നൂറോളം ആളുകൾ ഉണ്ടായിരുന്നു. അവരെയെല്ലാം രണ്ടു മണിവരെ സുരക്ഷിതമായ വാഹനത്തിൽ കയറ്റി ഇരുത്തി. പിന്നീട് ഇവരെ കാൽനടയായി മറ്റു സ്ഥലങ്ങളിലേക്ക് മാറ്റി.- കെഎസ്ആർടിസി ഡ്രൈവർ പറഞ്ഞു.
ശക്തമായ മഴയെ തുടര്‍ന്ന് രൂപപ്പെട്ട വെള്ളക്കെട്ടിലൂടെ കഴിഞ്ഞ ദിവസം സാഹസികമായി ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെൻഡ് ചെയ്തു. കോട്ടയം പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്കുമുന്നില്‍ രൂപപ്പെട്ട വള്ളക്കെട്ടിലൂടെ ബസ് ഓടിച്ച ഡ്രൈവര്‍ എസ് ജയദീപിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയ ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്യാന്‍ കെഎസ്ആര്‍ടി മാനേജിംഗ് ഡയറക്ടര്‍ക്ക് ഗതാഗതമന്ത്രി ആന്റണി രാജു നിര്‍ദേശം നല്‍കുകയായിരുന്നു. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവറാണ് എസ്. ജയദീപ്.
അതേസമയം, ഇന്ന് വൈകുന്നേരം വരെ മഴ തുടരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത കാണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. അപകട സാഹചര്യങ്ങളിൽ പെടാതിരിക്കാനുള്ള മുൻകരുതലുണ്ടാകണം. വേണ്ടിവന്നാൽ മാറി താമസിക്കാനും അധികൃതരുടെ നിർദേശങ്ങൾ പാലിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും ശ്രദ്ധിക്കണം.
വെള്ളത്തിൽ മുങ്ങിയ പാലാ ബിഷപ്പ് ഹൗസ്
വെള്ളത്തിൽ മുങ്ങിയ മുൻ എംഎൽഎ പി സി ജോർജ്ജിന്റെ വീട്
ഇന്ത്യൻ എയർ ഫോഴ്സ് രക്ഷ പ്രവർത്തനത്തിൽ
വെള്ളത്തിനടിയിലായ കാഞ്ഞിരപ്പള്ളി ടൗൺ
പ്രളയവും ഉരുൾപൊട്ടലും സൃഷ്ടിച്ച മറ്റു നാശനഷ്ടങ്ങളുടെ ചിത്രങ്ങൾ