ഇടുക്കി: കൂട്ടിക്കല്‍ ഉരുള്‍പൊട്ടലില്‍ 10 മരണവും ഒഴുക്കില്‍പെട്ട് രണ്ടുമരണവും സ്ഥിരീകരിച്ചു. ഒന്‍പതുമൃതദേഹങ്ങള്‍ ഇന്ന് കണ്ടെടുത്തു. കാവാലി ഒട്ടലാങ്കല്‍ മാര്‍ട്ടിന്‍ (47), പ്ലാപ്പള്ളിയില്‍ കാണാതായ റോഷ്നി (48), സരസമ്മ മോഹനന്‍ (57), സോണിയ (46), മകന്‍ അലന്‍ (14) എന്നിവരാണ് ഉരുള്‍പൊട്ടലില്‍ മരിച്ചവര്‍. കണ്ടെത്താനുള്ളത് രണ്ടുപേരെയാണ്. ഓലിക്കല്‍ ഷാലറ്റ്, കുവപ്പള്ളിയില്‍ രാജമ്മ എന്നിവരും മരിച്ചതും ഒഴുക്കില്‍പെട്ടാണ്.
ഇടുക്കി കൊക്കയാറിലെ ഉരുൾപൊട്ടലിൽ കാണാതായ കുട്ടികളുൾപ്പെടെ 8 പേർക്കായി തിരച്ചിൽ നടക്കുകയാണ്. എൻഡിആർഎഫിൻ്റെയും ഫയർഫോഴ്സിൻ്റെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിലാണ് തിരച്ചിൽ പുരോഗമിക്കുന്നത്. അടിക്കടിയുള്ള മഴയാണ് രക്ഷാപ്രവർത്തത്തിന് വെല്ലുവിളി.
കുത്തിയൊലിച്ചെത്തിയ ഉരുളിനടിയിൽ അഞ്ച് കുരുന്നുകളടക്കം ആറുപേർക്കായി കൈമെയ്യ് മറന്നുള്ള തിരച്ചിലാണ് നടക്കുന്നത്. കല്ലുപുരയ്ക്കൽ നസീറിൻ്റെ കുടുംബത്തിലെ അഞ്ചുപേരെയാണ് കാണാതായത്. നസീസിൻ്റെ മകൾ ഫൗസിയയും മക്കളായ അമീൻ സിയാദ്, അന്ന സിയാദ് എന്നിവരും മണ്ണിനടിയിലാണ്. നസീറിൻ്റെ മകൻ ഫൈസലിൻ്റെ മക്കൾ അക്സാന ഫൈസലും അഹിയാൻ ഫൈസലും മണ്ണിനടിയിൽ പെട്ടു. അപകട സമയത്ത് ഇവരെല്ലാം ഒന്നിച്ചുണ്ടായിരുന്നു. പുതുപറമ്പിൽ ഷാഹുലിൻ്റെ മകൻ സച്ചു ഷാഹുലും മണ്ണിനടിയിലാണ്.
കൊക്കയാർ പഞ്ചായത്ത് ഓഫിസിൻ്റെ സമീപത്ത് താമസിക്കുന്ന ആൻസിയും മലവെള്ളപ്പാച്ചിലിൽ ഒഴുകി പോയി. അമ്പതുകാരനായ ഷാജിയെയും കാണാനില്ല. ഉരുളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പുഴയിൽ വീഴുകയായിരുന്നു ഷാജി. ഷാജിയുടെ മകൻ പുഴയിൽ പെട്ടെങ്കിലും നീന്തി രക്ഷപ്പെട്ടു. അപകടഭീഷണിയുയർത്തി വൻ പാറക്കൂട്ടങ്ങൾ ഉരുളിൻ്റെ ഉൽഭവ സ്ഥാനത്ത് ഇപ്പോഴുമുണ്ട്.
അപകട ഭീഷണിയുള്ള സ്ഥലത്ത് നിന്ന് ആളുകളെ ക്യാംപുകളിലേക്ക് മാറ്റി പാർപ്പിച്ചു. വൈദ്യുതി പോസ്റ്റുകൾ കടപുഴകി വീണതിനാൽ മേഖലയിലെ വൈദ്യുതി ബന്ധം പൂർണമായും നിലച്ചിരിക്കുകയാണ്.