തിരുവനന്തപുരം: സംസ്ഥാനത്ത് ഉരുള്‍പൊട്ടലിന് കാരണമായ കനത്തമഴയ്ക്ക് കാരണം മേഘവിസ്ഫോടനമല്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമര്‍ദവും കാറ്റുമാണ് കനത്ത മഴയ്ക്ക് കാരണമായത്. കനത്ത മഴയാണ് മണ്ണിടിച്ചലിന് കാരണമായതെന്ന് ഡയറക്ടര്‍ ജനറല്‍ ഡോ. മൃത്യുജ്ഞയ മഹാപത്ര പറഞ്ഞു.
കഴിഞ്ഞദിവസം കേരളത്തില്‍ വലിയ തോതിലുള്ള മഴയാണ് പെയ്തത്. ഇടുക്കി, എറണാകുളം, കൊല്ലം എന്നി ജില്ലകളിലാണ് കൂടുതല്‍ മഴ പെയ്തത്. 29 സെന്റി മീറ്റര്‍ വരെയാണ് ഈ ജില്ലകളില്‍ പെയ്ത മഴ. ഞായറാഴ്ച ന്യൂനമര്‍ദത്തിൻ്റെ ശക്തി കുറഞ്ഞു. 18-19 തീയതികളില്‍ കേരളത്തില്‍ കനത്ത മഴ പ്രതീക്ഷിക്കുന്നില്ല. കേരളത്തിലെ കാലാവസ്ഥയില്‍ വലിയ മാറ്റമുണ്ടായിട്ടുണ്ട്. ഇന്ന് മുതല്‍ കനത്ത മഴയ്ക്ക് ശമനമുണ്ടാവുമെങ്കിലും മഴ തുടരും. കനത്ത മഴയെ നേരിടാന്‍ കേരളം മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.