താമരശേരി: വടക്കൻ കേരളത്തിലും മഴ കനക്കുന്നു. താമരശേരി ചുരത്തിൽ എട്ടാം വളവിനും ഒൻപതാം വളവിനും ഇടയിൽ മണ്ണിടിഞ്ഞു. ശനിയാഴ്ച വൈകിട്ടാണ് സംഭവം.
ഇതേ തുടർന്ന് ഗതാഗതം പൂർണമായും തടസപ്പെട്ടു. കൽപ്പറ്റയിൽ നിന്നും മുക്കത്ത് നിന്നുമുള്ള അഗ്നിശമന സേനയും പൊലീസും തടസ്സം നീക്കാനായി ശ്രമിക്കുന്നുണ്ട്. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള അടിയന്തര നടപടികൾ പുരോഗമിക്കുകയാണ്.
അതേസമയം, തമിഴ്‌നാട്ടിലെ ഗൂഡല്ലൂർ ജില്ലയിൽ കനത്ത മഴയുള്ളതിനാൽ ചാലിയാറിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. ചാലിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.