തിരുവനന്തപുരം: അറബിക്കടലിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദം ദുർബലമാകും. നാളെമുതൽ മഴയുടെ ശക്തി കുറഞ്ഞേക്കും. നിലവിൽ ന്യൂനമർദം കൊച്ചി, പൊന്നാനി തീരങ്ങൾക്ക് സമീപമാണ്.
നിലവിൽ തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ ശക്തമായി തുടരുകയാണ്. രണ്ട് ദിവസമായി തുടരുന്ന മഴയിൽ പലയിടത്തും വീടുകളും കൃഷിയും നശിച്ചു. പുഴകൾ കരകവിഞ്ഞൊഴുകുന്നു. കടൽ പ്രക്ഷുബ്ദമാണ്. ഡാമുകൾ തുറന്നു.
ഇതിനിടെ അതി തീവ്രമഴ തുടരുന്ന എല്ലാ മേഖലകളിലും രക്ഷാ പ്രവർത്തനം ശക്തമാക്കാൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗം തീരുമാനിച്ചു. സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഇതിനായി രംഗത്തിറങ്ങും. ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ പെട്ടെന്നുതന്നെ മാറ്റിപ്പാർപ്പിക്കാൻ നടപടിയെടുക്കണമെന്ന് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.