കോട്ടയം: കൂട്ടിക്കല്‍ പ്ലാപ്പള്ളിയിലെ ഉരുള്‍പൊട്ടലില്‍ (landslide) മരണം ആറായി. നാലുപേരെ കാണാതായി. ഒരു കുടുംബത്തിലെ ആറുപേരടക്കം 13 പേരാണ് അപകടത്തില്‍പ്പെട്ടത്. കൂട്ടിക്കലടക്കം കിഴക്കന്‍ മേഖലയിലെ രക്ഷാ പ്രവര്‍ത്തനത്തിനായി കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. എം1 17 സാരംഗ് ഹെലികോപ്ടറുകള്‍ എത്തി. ദക്ഷിണമേഖലയിലെ എയര്‍ കമാന്‍ഡുകള്‍ക്കും തയ്യാറാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തോരാതെ പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് കോട്ടയം ജില്ലയുടെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. മലയോര മേഖലയില്‍ കൂടുതല്‍ സ്ഥലങ്ങഴില്‍ ഉരുള്‍പൊട്ടി. കൂട്ടിക്കലില്‍ ഉരുള്‍ പൊട്ടി മൂന്ന് വീടുകള്‍ ഒലിച്ചു പോയി. കോട്ടയം ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാ- താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.
തെക്കന്‍-മധ്യ കേരളത്തിലാണ് ശക്തമായ മഴ തുടരുന്നത്. വടക്കന്‍ കേരളത്തിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലും കാറ്റും അനുഭവപ്പെടും. ജലനിരപ്പ് ഉയര്‍ന്നതോടെ അരുവിക്കര, നെയ്യാര്‍ ഡാമുകളുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി.
അതേസമയം കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ മുങ്ങി. പൂഞ്ഞാര്‍ സെന്‍റ് മേരീസ് പള്ളിയ്ക്ക് മുന്നിലാണ് ബസ് മുങ്ങിയത്. വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബസ് മുങ്ങിയത്. ബസില്‍ ഉണ്ടായിരുന്നവരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. അതേസമയം തൊടുപുഴയ്ക്ക് സമീപം കാഞ്ഞാറില്‍ കാര്‍ ഒഴുക്കില്‍പ്പെട്ടു. കാറിലുണ്ടായിരുന്ന പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കൂടെയുണ്ടായിരുന്നവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
സ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ച സാഹചര്യത്തിൽ വിശദമായ മുന്നൊരുക്കം നടത്തുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എല്ലാ അണക്കെട്ടുകളിലേയും നിലവിലെ സ്ഥിതി വിലയിരുത്താൻ കെഎസ്ഇബിയോടും ജലവിഭവ വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളിലേക്ക് ദുരന്ത നിവാരണസേനയെ വിന്യസിച്ചതായും മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.