തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ നികുതി വെട്ടിപ്പ് കേസിൽ ഒരാൾകൂടി അറസ്റ്റിലായി. നേമം സോണൽ ഓഫീസിലെ ക്യാഷർ എസ്.സുനിതയാണ് അറസ്റ്റിലായത്. 27 ലക്ഷം രൂപയുടെ വെട്ടിപ്പാണ് നേമം സോണൽ ഓഫീസിൽ കണ്ടെത്തിയത്.
തിരുവനന്തപുരം കോർപ്പറേഷനിലെ നേമം സോണൽ ഓഫീസിലെ നികുതി വെട്ടിപ്പ് കേസിൽ ഒന്നാം പ്രതിയാണ് അറസ്റ്റിലായ ക്യാഷർ എസ്.സുനിത. കേസിൽ പ്രതിയായ നേമം സോണൽ ഓഫീസിലെ സൂപ്രണ്ട് എസ്.ശാന്തിയുടെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ തള്ളിയെങ്കിലും അറസ്റ്റുചെയ്തിട്ടില്ല. ഇവിടെ 26,74,333 രൂപയുടെ ക്രമക്കേടാണ് കോർപ്പറേഷൻ്റെ ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. 25 ദിവസങ്ങളില്‍ ബാങ്കിലേക്ക് കൊണ്ടുപോയ തുകയാണ് അടയ്ക്കാത്തത്. തുക അടയ്ക്കാതെ സീലില്ലാത്തെ കൗണ്ടര്‍ഫോയില്‍ രേഖകളില്‍ സൂക്ഷിക്കുകയായിരുന്നു.
അതേസമയം, സൂപ്രണ്ടിൻ്റെ സാന്നിധ്യത്തിലാണ് തുക എണ്ണത്തിട്ടപ്പെടുത്തി ബാങ്കിൽ പോകാൻ ചുമതലപ്പെട്ടവരെ ഏൽപ്പിച്ചിരുന്നതെന്നും അവർക്കെതിരെ അന്വേഷണം നടത്തുന്നില്ലെന്നും ചൂണ്ടിക്കാട്ടി കോർപ്പറേഷൻ സെക്രട്ടറിക്ക് സുനിത പരാതിനൽകിയിരുന്നു. വ്യാജരേഖകൾ ഓഫീസില്‍ സൂക്ഷിച്ചത് ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയെന്ന് പോലീസും സൂചിപ്പിക്കുന്നുണ്ട്. എന്നാൽ ഇതിൽ വ്യക്തമായ ഉത്തരം നൽകാൻ കോർപ്പറേഷൻ തയാറാകാത്തത് ദുരൂഹമാണ്. ശ്രീകാര്യം സോണലാഫീസിലെ തട്ടിപ്പിൽ ജീവനക്കാരനായ ബിജു നേരത്തെ അറസ്റ്റിലായിരുന്നു.