തിരുവനന്തപുരം: സംസ്ഥാനത്ത് ചെറുമേഘവിസ്ഫോടനങ്ങള്‍ മൂലം കനത്തമഴ. പത്തനംതിട്ട മുതല്‍ തൃശൂര്‍ വരെയാണ് കനത്ത മഴ. ശ്രീകാര്യത്ത് എന്‍ജിനീയറിങ് കോളജിനു മുന്നില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. റാന്നി താലൂക്ക് ആശുപത്രി അത്യാഹിതവിഭാഗത്തില്‍ വെള്ളം കയറിയതിനെ തുടർന്ന് രോഗികളെ മാറ്റി. റാന്നി മണിമല റോഡിലും ഇട്ടിയപ്പാറ സ്റ്റാന്‍ഡിലും വെള്ളക്കെട്ട്. തിരുവനന്തപുരം ചെമ്പകമംഗലത്ത് വീടിൻ്റെ ചുമരിടിഞ്ഞ് നാലുപേര്‍ക്ക് പരുക്കേറ്റു.
അങ്കമാലിയിലും കാലടിയിലും മലയാറ്റൂര്‍ റോഡിലും വെള്ളം കയറി. കോട്ടയം കൂട്ടിക്കല്‍ ഇളംകാട് ഭാഗത്ത് ഉരുള്‍പൊട്ടി വെള്ളം ഉയരുന്നു. മര്‍ഫി സ്കൂളില്‍ ക്യാംപ് തുറന്നു. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഏതു സാഹചര്യത്തെയും നേരിടാൻ സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സജ്ജമാണെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു.
മൂന്നാര്‍ ഗ്യാപ് റോഡ് വഴി ഗതാഗതം നിരോധിച്ചു. ഇടുക്കി തോട്ടം മേഖലയില്‍ ജോലികള്‍ പാടില്ല. പുഴയോരങ്ങളില്‍ ജാഗ്രത നിർദേശം നൽകി. മണിമലയാറ്റില്‍ ജലനിരപ്പ് ഉയർന്നു.അരുവിക്കര ഡാമിൻ്റെ ഷട്ടര്‍ ഉയര്‍ത്തി. ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ നിർദേശം നൽകി. ചലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരും. പുഴയോരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം. കാഞ്ഞിരപ്പള്ളി 26–ാം മൈലില്‍ വെള്ളം കയറി. എരുമേലി– മുണ്ടക്കയം ഭാഗത്തേക്ക് യാത്ര നിരോധിച്ചു. കോട്ടയം ചിറക്കടവില്‍ വെള്ളം കയറി പുനലൂര്‍– മൂവാറ്റുപുഴ പാതയില്‍ ഗതാഗതം തടസപ്പെട്ടു.