മലപ്പുറം: കോണ്‍ഗ്രസുകാര്‍ തന്നെ തിരഞ്ഞ് ടോര്‍ച്ചടിക്കേണ്ടെന്ന് പി വി അൻവർ എംഎൽഎ. പകരം എഐസിസി ആസ്ഥാനത്തേക്കാണ് ടോര്‍ച്ചടിക്കേണ്ടത്. കെ സി വേണുഗോപാലിൻ്റെ നേതൃത്വത്തില്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസിലെ ബിജെപിയുടെ നമ്പര്‍ വണ്‍ ഏജന്റാണ് വേണുഗോപാലെന്നും അന്‍വര്‍ പറഞ്ഞു.
കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ബിജെപി ഏല്‍പ്പിച്ച ഏജന്റായി പ്രവര്‍ത്തിക്കുകയാണ് കെ സി വേണുഗോപാല്‍. നാലഞ്ചു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെ തകര്‍ത്ത വേണുഗോപാല്‍ ഇപ്പോള്‍ കേരളം ഏറ്റെടുത്തിരിക്കുകയാണ്. കേരളത്തില്‍ കോണ്‍ഗ്രസിനെ നയിക്കുന്നത് വേണുഗോപാലിൻ്റെ നോമിനിയാണ്.
അസഭ്യം പറയുന്ന ചാനല്‍ നിരീക്ഷകരോട് ആ രീതിയില്‍ തന്നെ പ്രതികരിക്കും. നാടുകാണിച്ചുരത്തിലെ കുട്ടിക്കുരങ്ങൻ്റെ വിലയെ മലപ്പുറം ഡിസിസി പ്രസിഡന്‍റ് വി.എസ്.ജോയിക്കുള്ളൂ. എല്ലാം കേട്ട് തലതാഴ്ത്തി നടക്കാന്‍ കഴിയില്ല. ഇങ്ങോട്ട് കാണിക്കുന്ന സംസ്ക്കാരം മാത്രമെ അങ്ങോട്ടും കാണിക്കൂ. എംഎൽഎ ആയെന്ന് വച്ച് അവർ പറയുന്നതെന്തും കേട്ടിരിക്കാൻ പറ്റില്ലെന്നും അൻവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കേരളം ഞാന്‍ പൂര്‍ണ്ണമായും വിട്ടു. തടയണ പൊളിക്കുകയോ വീണ്ടും കെട്ടുകയോ എന്ത് വേണമെങ്കിലും ചെയ്യാം. ഇവിടെ ഒരു പെട്ടിക്കട നടത്താന്‍ പോലും പി വി അന്‍വര്‍ ഇനി ആഗ്രഹിക്കുന്നില്ല എന്ന് അന്‍വര്‍ പറഞ്ഞു. 60 ദിവസം തുടര്‍ച്ചയായി നിയമസഭയില്‍ എത്താതിരുന്നാല്‍ അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം എന്ന ആവശ്യം യുഡിഎഫ്. ശക്തമാക്കുന്നതിനിടെ കഴിഞ്ഞദിവസമാണ് അന്‍വര്‍ നാട്ടിലെത്തിയത്.