ബാലരാമപുരം ∙ കേരള സർവകലാശാലയുടെ ഈ വർഷത്തെ എംഎഡ് ഒന്നാം റാങ്കുകാരിയായ ബാലരാമപുരം സ്പിന്നിങ് മില്ലിന് സമീപം മേലെ പരുത്തിത്തോപ്പ് ആർഎസ് നിവാസിൽ എസ്.ആർ. റീതു മോൾക്ക് (28) ഇത് ജീവിതത്തോടും അർബുദ രോഗത്തോടും പൊരുതി നേടിയ വിജയം. എംഎസ്സി ബിരുദധാരി കൂടിയായ റീതുവിന് ബിഎഡിന് പഠിക്കുമ്പോഴാണ് സ്തനാർബുദം കണ്ടെത്തുന്നത്. 2018ജൂണിലായിരുന്നു ഇത്.
തുടർന്ന് കീമോ തെറാപ്പിക്കും ശസ്ത്രക്രിയയ്ക്കും വിശ്രമത്തിനും ഇടയിലെ പഠനത്തിലൂടെ ബിഎഡ് പൂർത്തിയാക്കിയ റീതുവിന്റെ തിളങ്ങുന്ന വിജയമായിരിക്കുകയാണ് രോഗാവസ്ഥയിലെ എംഎഡ് ഒന്നാം റാങ്ക്. കിംസ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ അലക്സ് ജെ.ഗ്ലാഡ്സ്റ്റനും ഒന്നാം ക്ലാസുകാരനായ അബിരോൺ ആർ.അലക്സും അടങ്ങുന്ന കുടുംബത്തിന്റെ പിന്തുണയും റീതുവിന്റെ വിജയത്തിന് പിന്നിലുണ്ട്.
എംഎസ്സി രസതന്ത്രം പഠനത്തിന് ശേഷമാണ് ഇഷ്ട വിഷയമായ അധ്യാപന വൃത്തിയുടെ അടിസ്ഥാന യോഗ്യതാ പഠനം നടത്തിയത്. ബിഎഡ് പഠനത്തിന് ശേഷം സ്വകാര്യ സ്കൂളുകളിൽ ജോലിക്ക് ശ്രമിച്ചെങ്കിലും കിട്ടാതായതോടെയാണ് മുഴുവൻ സമയ എംഎഡ് പഠനത്തിലേക്ക് തിരിഞ്ഞത്. തൈക്കാട് ഗവ.ടീച്ചർ ട്രെയിനിങ് കോളജിലായിരുന്നു പഠനം. കൊറോണ നിയന്ത്രണം തുടങ്ങുന്നതിന് മുൻപ് ആദ്യ രണ്ട് സെമസ്റ്ററുകൾ കോളജിൽ പോയി തന്നെയായിരുന്നു പഠിച്ചിരുന്നത്.
ജോലിക്ക് വേണ്ടിയുള്ള പരീക്ഷകളിലും അഭിമുഖങ്ങളിലുംമികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന റീതു മോളുടെ രോഗത്തെക്കുറിച്ച് അറിയുമ്പോൾ പലരും കണ്ണടയ്ക്കുകയായിരുന്നു. ഇതൊരു ഭാഗ്യമായാണ് റീതു കരുതുന്നത്. ഈ തിളങ്ങുന്ന വിജയത്തോടെ ജനപ്രതിനിധികളും വ്യക്തികളും സംഘടനകളും ആദരവുമായി വീട്ടുമുറ്റത്ത് എത്തുകയാണ്. കെ.ആൻസലൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ തുടങ്ങിയവർ കഴിഞ്ഞദിവസം വീട്ടിലെത്തി ആദരിച്ചു.