കോട്ടയം: എംജി സർവകലാശാലയ്ക്ക് കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്ട്സ് ആൻഡ് സയൻസ് കോളജുകളിൽ നടത്തുന്ന ബിരുദ, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിൽ സപ്ലിമെന്ററി അലോട്ട്മെന്റ് മുഖേന പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർക്ക് 18 ന് വൈകുന്നേരം നാലു വരെ അവസരം.
ഇതു വരെ ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്താത്തവർക്കും പ്രവേശനം ലഭിച്ചതിനു ശേഷം വിവിധ കാരണങ്ങളാൽ പ്രവേശനം റദ്ദായി പോയവർക്കും അലോട്ട്മെന്റ് ലഭിച്ച് നിശ്ചിത സമയത്തിനകം ഫീസടച്ച് പ്രവേശനം എടുക്കാൻ കഴിയാഞ്ഞവർക്കും ഇപ്രകാരം സപ്ലിമെന്ററി രജിസ്ട്രേഷന് പുതിയ അപേക്ഷ നൽകാം.
ഓണ്‍ലൈനായി നൽകിയ അപേക്ഷയിലെ പിശക് മൂലം അലോട്ട്മെന്റ് ലഭിക്കാത്തവർക്കും വിവിധ കാരണങ്ങളാൽ ലഭിച്ച അലോട്ട്മെന്റ് റദ്ദായി പോയവർക്കും പുതുതായി ഫീസ് ഒടുക്കാതെ തന്നെ പഴയ അപേക്ഷാ നമ്പറും പാസ് വേഡും ഉപയോഗിച്ച് www.cap.mgu.ac.in എന്ന വെബ്സൈറ്റിൽ ലോഗ് ഇൻ ചെയ്ത് സപ്ലിമെൻററി അലോട്ട്മെന്റിനായി പുതിയ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. സപ്ലിമെന്ററി അലോട്ട്മെന്റിൽ പങ്കെടുക്കുന്ന എല്ലാവരും പുതുതായി ഓപ്ഷൻ രജിസ്റ്റർ ചെയ്യണം.
മാനേജ്മെൻറ്, കമ്മ്യൂണിറ്റി ക്വാട്ടാ സീറ്റുകൾക്കായി ഇതിനകം അപേക്ഷിച്ചിട്ടുള്ളവർക്ക് www.cap.mgu.in എന്ന വെബ് സൈറ്റിൽ പ്രവേശിച്ച് അവർക്കായുള്ള പ്രത്യേക ലിങ്ക് മുഖേന അപേക്ഷകളിൽ ആവശ്യമായ തിരുത്തലുകൾ വരുത്താനും പുതിയ ഓപ്ഷനുകൾ നൽകുന്നതിനും സാധിക്കും.
ബിരുദ ഇന്റഗ്രേറ്റഡ് പ്രാഗ്രാമുകൾക്കായി വിവിധ കോളജുകളിൽ നിലവിലുള്ള ഒഴിവുകളുടെ വിശദാംശങ്ങൾ www.mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ഇതിനകം പ്രവേശനം കരസ്ഥമാക്കിയവർ സപ്ലിമെന്ററി അലോട്ട്മെൻറിന് രജിസ്റ്റർ ചെയ്ത് അലോട്ട്മെന്റ് ലഭിച്ചാൽ അവരുടെ ആദ്യ പ്രവേശനം റദ്ദാകുമെന്നതിനാൽ അവർ സപ്ലിമെൻററി അലോട്ട്മെന്റ് പ്രകാരം പുതുതായി പ്രവേശനം ഉറപ്പാക്കണം.
സ്കൗട്ട് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്നീ വിഭാഗക്കാർക്ക് പ്രവേശനത്തിന് ബോണസ് മാർക്ക് അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇതിനു മുന്‍പുള്ള അലോട്ട്മെന്റുകൾക്ക് ഈ ബോണസ് മാർക്ക് ബാധകമായിരിക്കില്ല. ഭിന്നശേഷിക്കാർക്കായുള്ള സംവരണ സീറ്റുകളിലേക്കുള്ള അപേക്ഷകളും 18നു വൈകുന്നേരം നാലു വരെ സ്വീകരിക്കും.