തിരുവനന്തപുരം: വിഴിഞ്ഞം ആയുധക്കടത്ത് കേസില്‍ എല്ടിടിഇക്കാരുടെ വിവരങ്ങള്‍ എൻഐഎ ശ്രീലങ്കന്‍ സര്‍ക്കാരില്‍ നിന്ന് ശേഖരിച്ചു. പിടിയിലായവരുടെയും സംശയിക്കപ്പെടുന്നവരുടെയും പട്ടിക ശ്രീലങ്കന്‍ പോലീസിന് കൈമാറി. എല്ഇടിടിഇ പുനരുജ്ജീവിപ്പിക്കുകയായിരുന്നു ആയുധക്കടത്ത് നടത്തിയവരുടെ ലക്ഷ്യമെന്നാണ് നിഗമനം. എൽടിടിഇ ഇന്റലിജന്‍സ് അംഗമടക്കമുള്ളവരാണ് കേസില്‍ പിടിയിലായിട്ടുള്ളത്.
വിഴിഞ്ഞത്ത് നിന്ന് ആയുധങ്ങളും ലഹരിമരുന്നുമായി ബോട്ട് പിടിയിലായ സംഭവത്തില്‍ പാക്കിസ്ഥാന്നും എല്ഇടിടിഇയും തമ്മിലുള്ള വന്‍ ഗൂഢാലോചനയാണ് വെളിച്ചത്ത് വരുന്നത്. ഈ സാഹചര്യത്തിലാണ് കേസില്‍ പിടിയിലായവരുടെയും സംശയിക്കപ്പെടുന്നവരുടെയും പട്ടിക ശ്രീലങ്കന്‍ പോലീസിന് നല്കി വിവരങ്ങള്‍ തേടാനുള്ള എന്‍ഐഎ നീക്കം.
ഇന്ത്യ, ശ്രീലങ്ക പരസ്പര നിയമസഹായ രാജ്യാന്തര ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് വിവരങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബോട്ടില്‍ നിന്ന് പിടിയിലായ ആറുപേരെക്കൂടാതെ ചെന്നൈ വത്സരവാക്കത്ത് നിന്ന് പിടിയിലായ എല്‍ടിടിഇ അംഗം സത്കുനം അങ്കമാലി കിടങ്ങൂരില്‍ താമസിച്ചിരുന്ന ശ്രീലങ്കന്‍ പൗരന് സുരേഷ്, കൂട്ടാളി സുന്ദരരാജ എന്നിവരടക്കമുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. കേസില്‍ ഇതുവരെ 10 ശ്രീലങ്കന്‍ പൗരന്മാരടക്കം 15 പേരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാര്‍ച്ചില്‍ മിനിക്കോയ് ദ്വീപിന് സമീപത്ത് വച്ച് പിടികൂടിയ ബോട്ടില്‍ നിന്ന് അഞ്ച് ഏ.കെ 47 തോക്കുകളും 1000 റൗണ്ട് വെടിയുണ്ടകളും 300 കിലോഗ്രാം ഹെറോയിനുമാണ് കണ്ടെത്തിയത്.
പാക്കിസ്ഥാനില്‍ നിന്നാണ് ഇത് അയച്ചതെന്നും അന്വേഷണത്തില്‍ വ്യക്തമായി. വേലുപ്പിള്ള പ്രഭാകരന്റെ മരണത്തോടെ നിര്‍ജീവമായ LTTE സജീവമാക്കാന്‍ നടത്തുന്ന ശ്രമങ്ങളുെട ഭാഗമായി ഇത് കടത്തിയെന്നാണ് നിഗമനം. ലഹരിമരുന്ന് കടത്തിലൂടെ പണമുണ്ടാക്കി എല്‍ടിടിഇ സ്ലീപ്പര്‍ സെല്ലുകള്‍ക്ക് കൈമാറുകയായിരുന്നു ലക്ഷ്യം. വിഴിഞ്ഞം പോലീസില്‍ നിന്ന് ഏറ്റെടുത്ത ഈ ആയുധക്കടത്ത് കേസില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ വകുപ്പുകള്‍ ചുമത്തി. ബോട്ടില്‍ നിന്ന് ഹെറോയിന്‍ പിടിച്ച കേസ് നിലവില്‍ നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയാണ് അന്വേഷിക്കുന്നത്. ഇതും എന്‍ഐഎ ഏറ്റെടുക്കും.