പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി വി കെ ജയരാജ് പോറ്റി ശ്രീകോവില്‍ നട തുറക്കും.
തുലാമാസം ഒന്നായ നാളെ രാവിലെ ഉഷഃപൂജയ്ക്ക് ശേഷം മേല്‍ശാന്തി നറുക്കെടുപ്പ് നടക്കും. അന്തിമപട്ടികയില്‍ ഇടംനേടിയ ഒമ്പത് ശാന്തിമാരുടെ പേരുകള്‍ വെള്ളിക്കുടത്തിലിട്ട് ശ്രീകോവിലിന് ഉള്ളില്‍ പൂജ നടത്തിയശേഷമാണ് നറുക്കെടുപ്പ്.
നാളെ മുതല്‍ സന്നിധാനത്തേക്ക് ഭക്തരെ പ്രവേശിപ്പിക്കും. വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്തവര്‍ക്കാണ് പ്രവേശനാനുമതി. തുലാമാസ പൂജ പൂര്‍ത്തിയാക്കി 21 ന് നട അടയ്ക്കും. ചിത്തിര ആട്ട വിശേഷ പൂജകള്‍ക്കായി നവംബര്‍ രണ്ടിന് വൈകീട്ട് വീണ്ടും ശബരിമല നട തുറക്കും.