കോഴിക്കോട്: മന്ത്രി പി.എ.മുഹമ്മദ് റിയാസിനെതിരെ എ.എന്‍.ഷംസീര്‍ വിമര്‍ശനമുന്നയിച്ചതില്‍ സിപിഎം നേതൃത്വത്തിന് അതൃപ്തി. മന്ത്രിക്കെതിരായ വിമര്‍ശനം വാര്‍ത്തയായത് യാദൃശ്ചികമല്ലെന്ന് സിപിഎം കരുതുന്നു. പ്രതിപക്ഷം ഇത് രാഷ്ട്രീയ ആയുധമാക്കാതിരിക്കാൻ കൂടിയാണ് ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന് വിഷയത്തില്‍ വ്യക്തതവരുത്തിയത്.
മുഹമ്മദ് റിയാസിനെതിരെ സിപിഎം നിയമസഭാ കക്ഷിയോഗത്തിലുയര്ന്ന വിമര്‍ശനം വാര്‍ത്തയായതിനു പിന്നാലെ നേതാക്കള്‍ തമ്മില്‍ ആശയവിനിമയം നടന്നിരുന്നു. പാര്‍ട്ടി പച്ചക്കൊടി വീശിയതിനെ തുടര്‍ന്നാണ് റിയാസ് മാധ്യമങ്ങളെ കണ്ടതും. മുഹമ്മദ് റിയാസ് പറഞ്ഞത് പാര്‍ട്ടി നയം തന്നെയാണെന്ന് പരസ്യമായി എ.വിജയരാഘവന് പറഞ്ഞതും ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ തന്നെ.
കരാറുകാരുമായി എം.എല്‍.എമാര്‍ മന്ത്രിയെ കണ്ട് പദ്ധതികളുടെ കാര്യം ചര്‍ച്ച ചെയ്യുന്നത് ദോഷം ചെയ്യുമെന്ന് സിപിഎം വിലയിരുത്തി. അപ്പോള്‍ മന്ത്രിമാര്‍ക്ക് കാര്യങ്ങള്‍ തുറന്ന് സംസാരിക്കാന്‍ സാധിക്കില്ല. എം.എല്‍.എയുടെ സാന്നിധ്യം കരാറുകാരന് മുതലെടുക്കാന്‍ ശ്രമിക്കുകയും ചെയ്യും. അതിനാലാണ് പാര്‍ട്ടി കൃത്യമായ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇതിന് വിരുദ്ധമായി ഷംസീര്‍ സംസാരിച്ചതും ആ വിമര്‍ശനം വാര്‍ത്തയായതും ശരിയായില്ലെന്നാണ് സിപിഎം സെക്രട്ടേറിയറ്റിലുയര്‍ന്ന വിമര്‍ശനം. ഇതേസമയം ഏതെങ്കിലും എം.എല്‍.എ പാര്‍ട്ടി നയത്തിന് വിരുദ്ധമായി തന്നെ സമീപിച്ചെങ്കില്‍ അക്കാര്യം നിയമസഭയില്‍ പറയാതെ എം.എല്‍.എയോട് നേരിട്ട് പറഞ്ഞ് മുഹമ്മദ് റിയാസിന് പരിഹരിക്കാമായിരുന്നു എന്ന് കരുതുന്ന നേതാക്കളുമുണ്ട്. ഇല്ലാത്ത പ്രശ്നം ഉയര്‍ത്തി പൊതുസമൂഹത്തില്‍ ചര്‍ച്ചയ്ക്ക് ഇടയാക്കുന്നത് ഗുണം ചെയ്യില്ലെന്നതാണ് ഈ വിലയിരുത്തലിന് കാരണം. എന്നാല്‍ പാര്‍ട്ടി വേദികളില്‍ ഈ അഭിപ്രായം ഉയര്‍ന്നിട്ടില്ല.
എം.എല്‍.എമാര്‍ കരാറുകാരെ കൂട്ടി തന്നെ കാണാന്‍ വരരുത് എന്ന് നിയമസഭയില്‍ റിയാസ് പറഞ്ഞതിനെ തുടർന്നാണ് എ.എന്‍.ഷംസീർ എംഎൽഎ വിമര്ശിച്ചിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യത്തിലായിരുന്നു പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നത്.