ജര്‍മനി: 16 വര്‍ഷം ജര്‍മനിയെ നയിച്ച ആംഗല മെര്‍ക്കലിൻ്റെ പിന്‍ഗാമിയായി എസ്.പി.ഡി. നേതാവ് ഒലാഫ് ഷോള്‍സ് ചാന്‍സലറാകും. എസ്പിഡി, ഗ്രീന്‍സ്, എഫ്ഡിപി എന്നി പാര്‍ട്ടികള്‍ ചേര്‍ന്ന് സഖ്യമുണ്ടാക്കാന്‍ തീരുമാനിച്ചു. വിശദമായ ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കും.
തിരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്നാഴ്ച പിന്നിടുമ്പോഴാണ് ജര്‍മനിയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ധാരണയാകുന്നത്. വോട്ട് ശതമാനത്തില്‍ മുന്നിലുള്ള എസ്.പി.ഡിയും മൂന്നും നാലും സ്ഥാനത്തുള്ള ഗ്രീന്‍സ്, എഫ്.ഡി.പി പാര്‍ട്ടികളുമാണ് കൈകോര്‍ക്കുന്നത്. അടിസ്ഥാന നയങ്ങളില്‍ പൊതുധാരണയുണ്ടാക്കിയെന്നും വിശദമായ ചര്‍ച്ചകള്‍ നാളെമുതല്‍ ആരംഭിക്കുമെന്നും എസ്.പി.ഡി. നേതാവ് ഒലാഫ് ഷോള്‍സ് പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ 25.7 ശതമാനം വോട്ടോടെ ഒന്നാം സ്ഥാനത്തെത്തിയ എസ്.പി.ഡിക്ക് 206 സീറ്റുകളും ഗ്രീന്‍സ് പാര്‍ട്ടിക്ക് 118 സീറ്റുകളും എഫ്.ഡി.പിക്ക് 92 സീറ്റുകളുമാണുള്ളത്. പ്രകൃതി സംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്ന ഗ്രീന്‍സും വ്യവസായ അനുകൂല നയങ്ങളുള്ള എഫ്.ഡി.പിയും സഹകരിക്കാന്‍ തീരുമാനിച്ചാതാണ് സഖ്യരൂപീകരണത്തില്‍ നിര്‍ണായക ചുവടുവയ്പ്പായത്. ഇതോടെ നിലവിലെ ഭരണകക്ഷിയായ സി.ഡി.യു, സി.എസ്.യു. സഖ്യത്തിൻ്റെ സര്‍ക്കാര്‍ രൂപീകരണ പ്രതീക്ഷകള്‍ നിലച്ചു.