കണ്ണൂര്‍: ജനവിരുദ്ധമായ കെ റെയില്‍ പദ്ധതിക്കെതിരായ പോരാട്ടത്തിൽ കക്ഷിരാഷ്ട്രീയ / സംഘടനാ ഭേദമില്ലാതെ സർവ്വ മനുഷ്യസ്നേഹികളുടെയും വിപുലമായ സമര മുന്നേറ്റം ഉയർന്നു വരണമെന്ന് ആര്‍.എം.പി നേതാവ് കെ കെ രമ. നാനാ ഭാഗത്തു നിന്നുള്ള എതിർപ്പുകൾ അവഗണിച്ച് കച്ചവട താല്‍പര്യങ്ങള്‍മാത്രം മുൻനിർത്തി പിണറായി സര്‍ക്കാര്‍ കെ റെയില്‍ പദ്ധതിയുമായി മുന്നോട്ടുപോവുകയാണ്. പാരിസ്ഥിതിക ആഘാത പഠനം പോലും ശരിയായി നടത്താതെയാണ് ഈ പദ്ധതി സർക്കാർ നടപ്പാക്കാൻ നോക്കുന്നതെന്ന് രമ പറഞ്ഞു.
വികസിത രാജ്യമായ ജപ്പാന്‍വരെ നടപ്പിലാക്കി പരാജയം സമ്മതിച്ച പദ്ധതിയാണ് പട്ടിണിരാജ്യമായ ഇന്ത്യയില്‍ കോടികള്‍ കടംവാങ്ങി നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ഇതിനെതിരെ സംസ്ഥാനവ്യാപകമായി ശക്തമായ സമരമുഖങ്ങള്‍ ഇനിയും തറക്കേണ്ടതുണ്ട്. വടകര മണ്ഡലത്തിലെ യു.ഡി.എഫ്- ആര്‍.എം.പി.ഐ നേതൃത്വത്തില്‍ ജനകീയമുന്നണി കെ റെയില്‍ വിരുദ്ധ സമരത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.
കേരളത്തിന്റെ തനതായ പ്രകൃതിയെയും ജനങ്ങളുടെ ജീവിതത്തെയും സാരമായി ബാധിക്കുന്ന അശാസ്ത്രീയവും അസംബന്ധവുമായ പദ്ധതിയാണിത്. വ്യാജ വികസന വായ്ത്താരികൾ മുഴക്കി രാജ്യാന്തര സാമ്പത്തിക ഏജൻസികളിൽ നിന്ന് ആയിരക്കണക്കിന് കോടി രൂപ കടം വാങ്ങി നാടിന്റെ പരമാധികാരം പണയപ്പെടുത്തുന്ന, വരുംതലമുറയെപ്പോലും വീണ്ടുവിചാരമില്ലാതെ കടക്കെണിയിലേക്ക് തള്ളിവിടുന്ന ഈ നീക്കം ചെറുത്തു തോല്പിക്കുക തന്നെ വേണമെന്നു രമ പറഞ്ഞു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fkkrema%2Fposts%2F4591724104220644&show_text=true&width=500