ജമ്മു: ജമ്മു കശ്മീരിലെ വിവിധ ഇടങ്ങളിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. പുൽവാമയിലും ശ്രീനഗറിലുമാണ് സൈനിക നടപടി ഉണ്ടായത്. ജമ്മു കശ്മീർ പൊലീസ് ഉദ്യോഗസ്ഥനായ റാഷിദ് അഹ്മദിനെ കൊലപ്പെടുത്തിയ ഭീകരനെയാണ് ശ്രീനഗറിൽ സൈന്യം വധിച്ചത്. ശ്രീനഗറിലെ ബെമീനയയിലും പൊലീസും ഭീകരരും തമ്മില്‍ ഇപ്പോള്‍ ഏറ്റുമുട്ടുകയാണ്.
ഭീകര വാദി പട്ടികയിലുള്ള ഷാഹിദ് ബഷീർ ഷൈഖിനെ പുൽവാമയിൽ വച്ച് വധിച്ചു. എകെ 47 അടക്കമുള്ള ആയുധങ്ങൾ ഷാഹിദ് ബഷീർ ഷൈഖിൻ്റെ പക്കൽ നിന്ന് കണ്ടെടുത്തു. ജമ്മു കശ്മീരിലെ വിവിധ ഇടങ്ങളിൽ തെരച്ചിൽ തുടരുകയാണ്.
അതേസമയം, പൂഞ്ചിലെ നാര്‍ഗാസ് വനമേഖലയില്‍ ഇന്നലെ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ രണ്ട് സൈനികര്‍ ഇന്ന് വീരമൃത്യുവരിച്ചു. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറും ജവാനുമാണ് വീരമൃത്യു വരിച്ചത്. കൊടുംവനത്തിലെ അതീവ ദൂഷ്കരമായ മേഖലയില്‍ വച്ചായിരുന്നു ആക്രമണം. ഒക്ടോബർ പത്തിന് പൂഞ്ചിലെ ദേര കി ഖലിയില്‍ ഉണ്ടായ ആക്രമണങ്ങളുടെ തുടർച്ചയാണിതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.