ഫുട്ബോളിലും അത്ലറ്റികിലും കുതിപ്പ് നടത്താനൊരുങ്ങുകയാണ് മലപ്പുറം തിരുവാലി ശാരത്ത്കുന്ന് കോളനിയിലെ കുട്ടികള്‍. തിരുവാലി ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ടി. നന്ദനയടക്കമുള്ള 20 ഓളം കുട്ടികളാണ് ഫുട്ബോളില്‍ പരിശീലനം നേടുന്നത്. ഫുട്ബോളില്‍ എഫ്സി തൃശൂരിന്റെ കളിക്കാരനായ ഇ. പ്രദീപും അത്ലറ്റിക് വിഭാഗത്തില്‍ എം. ശിവശങ്കരനുമാണ് കുട്ടികള്‍ക്ക് വേണ്ട പരിശീലനം നല്‍കുന്നത്.
പരിശിലനത്തിന്റെ തിരക്കിലാണ് കോളനിയിലെ കുട്ടികള്‍. മുപ്പതോളം കുട്ടികളാണ് നിലവില്‍ പരിശീലനം നേടുന്നത്. ഓരോ ദിവസവും രാവിലെ 6 മുതല്‍ 8 മണി വരെ പരിശീലനം തുടരും. ഏഴാം തരം വിദ്യാര്‍ത്ഥിനി എം.ശ്രീനന്ദയടക്കം പത്തോളം പേര് അത്ലറ്റിക് വിഭാഗത്തില്‍ പരിശീലനം നേടുന്നുണ്ട്. പ്രദേശത്തെ മൈതാനത്തിന്റെ അഭാവം കാരണം ശാരത്ത്കുന്ന് ശ്മാശാനന്തിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ഇവരുടെ പരിശീലനം.
ഫുട്ബാള്‍ പരിശീലന പരിപാടികളില്‍ കുട്ടികള്‍ ആവേശത്തോടെ പങ്കെടുക്കുന്നതായി ഇ.പ്രദീപ് പറഞ്ഞു. സ്വന്തമായി ഗ്രൗണ്ട് ഇല്ലാത്തതും ഇവരുടെ പരിശീലനത്തെ ബാധിക്കുന്നുണ്ട്. കായിക പരിശീലനത്തിന് മികച്ച ഭക്ഷണമടക്കം പ്രധാനമാണ്. എങ്കിലും പ്രതീക്ഷയിലാണെന്നായിരുന്നു പരിശീലകനായ എം.ശിവശങ്കരന്റെ പ്രതികരണം.
എന്നാല്‍ കായിക രംഗത്തെ ഉയർച്ചക്കൊപ്പം ശാരത്ത്കുന്ന് കോളനിയിലെ കുട്ടികൾക്ക് ഒരു മോഹം കൂടിയുണ്ട്. മികച്ച ഒരു ജീവിതം ഇവർ സ്വപ്നം കാണുന്നു. അതിന് മികച്ചൊരു ജോലി വേണം. കായികരംഗത്തെ വളർച്ച മികച്ച ഒരു ജോലി നേടാൻ പ്രാപ്തരാക്കും എന്നതാണ് അവരുടെ ഈ പരിശ്രമങ്ങൾക്ക് ഉള്ള ഊർജ്ജം. നല്ലൊരു കളിസ്ഥലമോ മികച്ച ഭക്ഷണമോ പോലുമില്ലാതെ അവർ തുടരുന്ന പോരാട്ടത്തിന് അവരുടെ കോളനിയുടെ കഥകൂടി പറയാനുണ്ട്.
50 ഓളം കുട്ടികളുടെ ഈ കഠിന പരിശ്രമങ്ങൾ വിജയിക്കണമെങ്കിൽ സംസ്ഥാന സ്പോർട്സ് വകുപ്പോ, ജില്ലക്കാരനായ സ്പോർട്സ് മന്ത്രി വി. അബ്ദുറഹ്മാനോ നേരിട്ട് ഇടപെടണം. ഈ കുട്ടികൾക്ക് മികച്ച ഭക്ഷണവും കളിസ്ഥലവും അടിയന്തിരമായി ഒരുക്കി നൽകേണ്ടതുണ്ട്.