മുംബൈ: ആഡംബരക്കപ്പലിലെ ലഹരിക്കേസിൽ അറസ്റ്റിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകൻ ആര്യന്‍ ഖാന്‍ മാതാപിതാക്കളുമായി സംസാരിച്ചു. മുംബൈ ആര്‍തര്‍ റോഡ് ജയിലിലുള്ള ആര്യന്‍ ഖാന്‍ വീഡിയോ കോളിലൂടെയാണ് ഷാരൂഖുമായും അമ്മ ഗൗരി ഖാനുമായും സംസാരിച്ചത്. ജയിലിലായ ശേഷം ഇതാദ്യമായാണ് ആര്യന്‍ മാതാപിതാക്കളുമായി സംസാരിക്കുന്നത്.
കോവിഡ് നിയന്ത്രണങ്ങൾ മൂലം സന്ദര്‍ശകരെ അനുവദിക്കാത്ത സാഹചര്യത്തില്‍ തടവുകാര്‍ക്ക് ആഴ്ചയില്‍ രണ്ടു തവണ വീഡിയോ കോള്‍ വഴി വീട്ടുകാരുമായി സംസാരിക്കാന്‍ അവസരം നൽകും. ഇതനുസരിച്ചാണ് ആര്യന്‍ ഖാനും മാതാപിതാക്കളുമായി സംസാരിച്ചത്.
ജയിലിലെ സാഹചര്യങ്ങളും അവസ്ഥയുമെല്ലാം ഷാറൂഖ് ഖാനും ഗൗരി ഖാനും വിശദമായി ചോദിച്ചറിഞ്ഞു. കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന റിപ്പോര്‍ട്ട് ലഭിച്ചതോടെ, ഐസൊലേഷന്‍ പിരിയഡ് അവസാനിപ്പിച്ച് ആര്യന്‍ ഖാനെയും മറ്റ് അഞ്ചു പ്രതികളെയും ക്വാറന്റീന്‍ ബാരക്കില്‍ നിന്നും ജനറല്‍ സെല്ലിലേക്ക് മാറ്റി.
ജനറല്‍ സെല്ലിലേക്ക് മാറ്റിയതോടെ ആര്യന്‍ ഖാന് തടവുകാരുടെ നമ്പറും നല്‍കി. ആര്യന്‍ ഖാന്‍ ‘നമ്പര്‍ 956’ ആണ് ജയിലിലെ വിലാസം. ജയിലില്‍ ഇത്തരം നമ്പറുകളിലൂടെയാണ് തടവുകാരെ അറിയപ്പെടുന്നത്. അതേസമയം ആര്യന്‍ ഖാന് ജയിലിലെ ക്യാന്റീന്‍ ചെലവുകള്‍ക്കായി വീട്ടുകാര്‍ 4500 രൂപ അയച്ചു നല്‍കിയതായി ജയില്‍ സൂപ്രണ്ട് പറഞ്ഞു. ഒക്ടോബര്‍ 11 നാണ് ആര്യൻ്റെ മാതാപിതാക്കള്‍ മണി ഓര്‍ഡര്‍ അയച്ചു നല്‍കിയത്. ജയില്‍ നിയമപ്രകാരം ഒരു തടവുകാരന് ഒരു മാസം 4500 രൂപയേ വീട്ടുകാര്‍ക്ക് ജയിലിലേക്ക് ചെലവിനായി അയച്ചുകൊടുക്കാന്‍ പാടുള്ളൂ.
സുരക്ഷ മുന്‍നിര്‍ത്തി ലഹരിക്കേസിലെ കൂട്ടു പ്രതികളെയെല്ലാം വ്യത്യസ്ത സെല്ലുകളിലാണ് പാര്‍പ്പിച്ചിട്ടുള്ളത്. ആര്യന്‍ ഖാൻ്റെ ജാമ്യാപേക്ഷയില്‍ കോടതി ഈ മാസം 20 ന് വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്. സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുകയും കൈവശം സൂക്ഷിക്കുകയും ചെയ്യുന്നയാളാണ് ആര്യൻ ഖാനെന്നാണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ ആരോപണം.
അതേസമയം ആഡംബര കപ്പലിലെ റെയ്ഡിനിടെ ആര്യനിൽനിന്ന് മയക്കുമരുന്ന് കണ്ടെടുത്തിട്ടില്ലെന്ന് ആര്യന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. ഒക്ടോബർ രണ്ടിനായിരുന്നു കോർഡലിയ ആഡംബരകപ്പലിൽ എൻ.സി.ബിയുടെ പരിശോധന. ഒക്ടോബർ മൂന്നിന് 23കാരനായ ആര്യനെ എൻ.സി.ബി അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ടാണ് 20 പേരാണ് ഇതുവരെ അറസ്റ്റിലായത്.