നാഗ്പൂർ: ഒടിടി പ്ലാറ്റഫോമുകള്‍, മയക്കുമരുന്ന്, ബിറ്റ്‌കോയിന്‍ എന്നിവയെല്ലാം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നുവെന്ന് ആർ.എസ്.എസ് തലവൻ മോഹൻ ഭഗവത്. അവയെല്ലാം സര്‍ക്കാര്‍ നിയന്ത്രിക്കണമെന്നും മോഹന്‍ ഭഗവത് പറഞ്ഞു. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ വിജയദശമി ആഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോഹന്‍ ഭഗവത്.
ബിറ്റ്‌കോയിന്‍ പോലുള്ള രഹസ്യ കറന്‍സി സമ്പദ്‌വ്യവസ്ഥയെ അസ്ഥിരപ്പെടുത്തും. അവരുടെ നിക്ഷിപ്ത ആഗോള താല്‍പ്പര്യങ്ങള്‍ രാജ്യത്തിൻ്റെ പുരോഗതിയെ തടസപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഒടിടി പ്ലാറ്റ് ഫോമുകളിലെ ഉള്ളടക്കത്തിന് യാതൊരു നിയന്ത്രണങ്ങളുമില്ല, അവ രാജ്യത്തെ നശിപ്പിക്കുമെന്നും ഒടിടി പ്ലാറ്റ്‌ഫോമുകളുടെ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
കോാവിഡ് മഹാമാരിയെ തുടര്‍ന്ന് ഓരോ കൊച്ചുകുട്ടികളുടെയും കൈയില്‍ മൊബൈല്‍ ഫോണ്‍ ലഭിച്ചു. അതില്‍ അവര്‍ കാണുന്നവയ്ക്ക് നിയന്ത്രണങ്ങളില്ലെന്നും എന്താണ് കാണുന്നതെന്ന് ആര്‍ക്കറിയാമെന്നും മോഹന്‍ ഭഗവത് ചോദിച്ചു. എല്ലാത്തരം മയക്കുമരുന്നുകളും രാജ്യത്ത് വരുന്നു. ആളുകളില്‍ മയക്കുമരുന്നിൻ്റെ ഉപയോഗം വര്‍ധിച്ചു. ഇത് എങ്ങനെ നിര്‍ത്താമെന്ന് തനിക്കറിയല്ല. ഈ ബിസിനസ് വഴി ലഭിക്കുന്ന പണമെല്ലാം ഇന്ത്യയില്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയാണെന്നും മോഹന്‍ ഭഗവത് ആരോപിച്ചു.