ന്യൂഡൽഹി: പഞ്ചാബ് പിസിസി അധ്യക്ഷനായി നവജ്യോത് സിങ് സിദ്ദു(Navjit singh sidhu) തുടരും. പഞ്ചാബിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്താണ്(Harish Rawat) ഇക്കാര്യം അറിയിച്ചത്. ഡൽഹിയിലെത്തി കോൺഗ്രസ് നേതൃത്വവുമായി സിദ്ദുവിനോടൊപ്പം കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു റാവത്തിൻ്റെ പ്രതികരണം. ഹൈക്കമാന്റ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് സിദ്ദു പറഞ്ഞു.
‘പഞ്ചാബിനേയും പഞ്ചാബ് കോൺഗ്രസിനേയും കുറിച്ചുള്ള എൻ്റെ ആശങ്ക പാർട്ടി ഹൈക്കമാൻഡിനെ അറിയിച്ചു. കോൺഗ്രസ് അധ്യക്ഷ പ്രിയങ്ക ജി, രാഹുൽ ജി എന്നിവരിൽ പൂർണ വിശ്വാസമുണ്ട്. അവർ എന്ത് തീരുമാനമെടുത്താലും അത് കോൺഗ്രസിൻ്റെയും പഞ്ചാബിൻ്റെയും അഭിവൃദ്ധിക്കായിരിക്കും. ഞാൻ അവരുടെ നിർദ്ദേശങ്ങൾ പാലിക്കും’- സിദ്ദു പറഞ്ഞു.
അമരീന്ദർ സിങിനെ നീക്കിയതിന് ശേഷം ചരൻജിത് സിങ് ചാന്നി മുഖ്യമന്ത്രിയാകുകയും മന്ത്രിസഭ പുനഃസംഘടിപ്പിക്കുകയും ചെയ്തതിന് പിന്നാലെ കഴിഞ്ഞ മാസം സിദ്ദു പിസിസി അധ്യക്ഷ സ്ഥാനം രാജിവെക്കുകയാണെന്ന് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. എന്നാൽ കോൺഗ്രസ് ഹൈക്കമാൻഡ് സിദ്ദുവിൻ്റെ രാജി സ്വീകരിച്ചിരുന്നില്ല.