കോഴിക്കോട്: എംഎല്‍എമാര്‍ കരാറുകാരെ കൂട്ടി വരരുതെന്ന നിലപാടിൽ ഉറച്ച് മന്ത്രി മുഹമ്മദ് റിയാസ്. പറഞ്ഞതിൽ തെറ്റില്ല. കരാറുകാരും ഉദ്യോഗസ്ഥരും പല തട്ടിപ്പുകളും നടത്തുന്നുണ്ട്. സ്വന്തം മണ്ഡലത്തിലെ എംഎല്‍എമാരുമായി കരാറുകാര്‍ വരുന്നതില്‍ തെറ്റില്ല. എന്നാല്‍ മറ്റൊരു മണ്ഡലത്തിലെ കാര്യവുമായി വരുന്നത് ശരിയല്ലെന്നും ചില എം.എല്‍.എമാര്‍ മറ്റ് മണ്ഡലങ്ങളില്‍ ഇടപെടുന്നുവെന്നും മന്ത്രി പറഞ്ഞു.
അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നും കരാറുകാരെ സംബന്ധിച്ച കാര്യങ്ങള്‍ പറഞ്ഞത് ആലോചിച്ച് ഉറപ്പിച്ചാണെന്നും റിയാസ് പറഞ്ഞു. ഉറക്കത്തില്‍ പറഞ്ഞതല്ല അതുകൊണ്ട് തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുമില്ല. കരാറുകാരുടെ പ്രശ്നങ്ങളില്‍ ഇടപെട്ടിട്ടുണ്ട്. താന്‍ പറയുന്നത് എല്ലാ കരാറുകാരും ഉദ്യോഗസ്ഥരും ഒരുപോലെയാണെന്നല്ല. ചിലര്‍ തമ്മില്‍ അവിശുദ്ധ കൂട്ടുക്കെട്ടുണ്ടെന്നാണ് പറഞ്ഞത്.
അവിശുദ്ധ കൂട്ടുകെട്ട് സംബന്ധിച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ സിഎജി റിപ്പോര്‍ട്ടിലും പരാമര്‍ശമുള്ള കാര്യങ്ങളാണ്. കരാറുകാരുമായി ഇടപെടുമ്പോള്‍ അവര്‍ ആരാണെന്ന് അന്വേഷിക്കുന്നത് സ്വാഭാവികമാണ്. അത്തരം ഇടപെടലുകളില്‍ ശ്രദ്ധ വേണമെന്നത് ഇടതുമുന്നണിയുടെ നിലപാടാണ്. അതില്‍ ഭരണകക്ഷി എംഎല്‍എമാര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുമെന്ന് കരുതുന്നില്ല.
എംഎല്‍എമാര്‍ക്ക് തീര്‍ച്ചയായും ഏതൊരു പ്രശ്നത്തിനും മന്ത്രിയെ കാണാം. ആ ഒരുനിലപാട് എടുക്കുന്നയാളാണ് താന്‍. സ്വന്തം മണ്ഡലത്തിലെ പൊതുമരാത്ത് പ്രശ്നങ്ങളുണ്ടെങ്കില്‍ എംഎല്‍എമാര്‍ക്ക് സമീപിക്കാം. മറ്റൊരുമണ്ഡലത്തിലെ കരാറുകാരന് വേണ്ടി എംഎല്‍എ മാര്‍ വരുമ്പോള്‍ മണ്ഡലത്തിലെ എംഎല്‍എമാരും അതൃപ്തി വ്യക്തമാക്കിയിട്ടുണ്ട്. തൻ്റെ നിയമസഭയിലെ പ്രസംഗത്തില്‍ എന്താണ് തെറ്റെന്നും റിയാസ് ചോദിച്ചു.
എംഎല്‍എമാരുടെ യോഗത്തില്‍ ഒരാള്‍ പോലും തന്നെ വിമര്‍ശിച്ചിട്ടില്ല. വിവാദമായതുകൊണ്ട് നിലപാടില്‍ നിന്ന് പിന്നോട്ടുപോവില്ലെന്നും മന്ത്രിയെന്ന നിലയില്‍ നടപ്പാക്കുന്നത് എല്‍ഡിഎഫ് നയമാണെന്നും റിയാസ് മാധ്യമങ്ങളോടു പറഞ്ഞു. മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞതിനോട് പ്രതികരിക്കാനില്ലെന്ന് എ.എന്‍.ഷംസീര്‍ പറഞ്ഞു.
റിയാസിനെതിരെ സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ വിമര്‍ശനമുയർന്ന പശ്ചാത്തലത്തിലായിരുന്നു വിശദീകരണം. എം.എല്‍.എമാര്‍ കരാറുകാരെ കൂട്ടി തന്നെ കാണാന്‍ വരരുത് എന്ന് നിയമസഭയില്‍ പറഞ്ഞതിനെ എ.എന്‍.ഷംസീർ എംഎൽഎ വിമര്‍ശിച്ചിരുന്നു. ആരെയൊക്കെ കൂട്ടി കാണാന്‍ വരണമെന്ന് മന്ത്രിയല്ല തീരുമാനിക്കേണ്ടതെന്ന് ഷംസീര്‍ തുറന്നടിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യത്തിലായിരുന്നു പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നത്.