പത്തനംതിട്ട: ഓർത്തഡോക്സ് സഭയ്ക്ക് പുതിയ പരമാധ്യക്ഷൻ. ഡോ. മാത്യൂസ് മാർ സേവേറിയോസ് അഭിഷിക്തനായി. ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ എന്ന പേരിലാണ് അഭിഷിക്തനായത്. പരുമല പളളിയിൽ നടന്ന സ്ഥാനാരോഹണ ചടങ്ങുകളിൽ വെച്ചാണ് പുതിയ പേര് സ്വീകരിച്ചത്. സ്ഥാനാരോഹണം പൂർത്തിയായി.
ഇന്നലെ നടന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗത്തിൽ വെച്ചാണ് മാത്യൂസ് മാർ സേവേറിയോസ് മലങ്കര മെത്രാപ്പൊലീത്തയായി സ്ഥാനം ഏറ്റെടുത്തത്. 22 -മത് മലങ്കര മെത്രാപ്പൊലീത്തയും ഒൻപതാമത് കാതോലിക്ക ബാവയുമാണ് ഇനി അദ്ദേഹം. സമ്മതപത്രം വായിച്ച ശേഷം നിയുക്ത ബാവ കാതോലിക്ക സിംഹാസനത്തിൽ ഉപവിഷ്ടനായി. കാർമികരായ മെത്രാപ്പൊലീത്തമാർ സിംഹാസനത്തോടെ മൂന്ന് വട്ടം എടുത്തുയർത്തി. വിശ്വാസി സമൂഹം ഒക്സിയോസ് എന്ന് ഏറ്റുചൊല്ലി.
സഭയ്ക്ക് പുതിയ അധ്യക്ഷൻ ആകുമ്പോൾ പള്ളിത്തർക്ക വിഷയത്തിലടക്കം സ്വീകരിക്കുന്ന നിലപാടാണ് ഇനി ശ്രദ്ധേയമാകുന്നത്. മലങ്കര സഭ ഒരു കുടുംബമാണെന്നും അഭിപ്രായ ഭിന്നത ഉണ്ടാകാം. എന്നാൽ അതെല്ലാം നീതിപൂർവ്വം പരിഹരിക്കണമെന്നും അദ്ദേഹം സ്ഥാനമേറ്റെടുത്ത ശേഷം പറഞ്ഞു. സഭകളുടെ ഐക്യം എന്നാൽ ലയനമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് പശ്ചാത്തലത്തിൽ വളരെ കുറച്ച് പേർ മാത്രം പങ്കെടുക്കുന്ന ചടങ്ങാണ് നടന്നത്. പൊതുജനങ്ങൾക്ക് ചടങ്ങിലേക്ക് പ്രവേശനമുണ്ടായിരുന്നില്ല.
കോട്ടയം വാഴൂര്‍ സെന്‍റ് പീറ്റേഴ്സ് ഓര്‍ത്തഡോക്സ് പള്ളി ഇടവകാംഗമാണ് മാത്യൂസ് മാര്‍ സേവേറിയോസ്. കോട്ടയം സിഎംഎസ്കോളജിലെ ബിരുദ പഠനത്തിന് ശേഷം സെറാംപൂര്‍ യൂണിവേഴ്സിറ്റില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ബിരുദം നേടി. തുടര്‍ന്ന് റോമിലായിരുന്നു ബിരുദാനന്തര ബിരുദപഠനം. റോമിലെ ഓറിയന്‍റന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പിഎച്ച്ഡിയും നേടി. 1978ല്‍ വൈദികപ്പട്ടം സ്വീകരിച്ചു.
1989ല്‍ മേല്‍പ്പട്ട സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1990ല്‍ റമ്പാനും 1991ല്‍ എപ്പിസ്കോപ്പയുമായി. 1993ലാണ് കണ്ടനാട് ഭദ്രാസനത്തിന്‍റെ ചുമതലയേറ്റത്. രണ്ട് വട്ടം സുന്നഹദോസ് സെക്രട്ടറിയായും സേവനമനുഷ്ടിച്ചു. ജര്‍മന്‍, ഫ്രഞ്ച്, റഷ്യന്‍, സുറിയാനി തുടങ്ങി 9 ഭാഷകളില്‍ വിദഗ്ധനാണ്. 16 ജീവകാരുണ്യസ്ഥാപനങ്ങളാണ് മാത്യൂസ് മാര്‍ സേവേറിയോസിന്‍റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നത്. 16 സര്‍ക്കാര്‍ ആശുപത്രികളിലെ ആയിരക്കണക്കിന് രോഗികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നു. സാമൂഹിക സേവനരംഗത്ത് ഏറ്റവുമധികം സംഭാവന ചെയ്യുന്ന സഭയാക്കി ഓര്‍ത്തഡോക്സ് സഭയെ മാറ്റണമെന്നാണ് പുതിയ ബാവയുടെ ആഗ്രഹം.