ന്യൂഡൽഹി : വിജയദശമി ദിനത്തിൽ ഏഴ് പുതിയ പ്രതിരോധ കമ്പനികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിർവ്വഹിക്കും. ഇന്ന് ഉച്ചയ്‌ക്ക് 12 മണിക്ക് വീഡിയോ കോൺഫറൻസിലൂടെയാണ് ചടങ്ങ് നടക്കുക. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രതിരോധ വ്യവസായ അസോസിയേഷനുകളിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടെ ചടങ്ങിൽ പങ്കെടുക്കും.
രാജ്യത്തെ പ്രതിരോധ മേഖലയെ സ്വാശ്രയമാക്കുന്നതിന്റെ ഭാഗമായി ഓർഡ്നൻസ് ഫാക്ടറി ബോർഡിനെ ഒരു വകുപ്പിൽ നിന്ന് പൂർണമായും സർക്കാർ ഉടമസ്ഥതയിലുള്ള ഏഴ് കോർപ്പറേറ്റ് സ്ഥാപനങ്ങളായി മാറ്റാൻ തീരുമാനിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മ്യുനിഷൻസ് ഇന്ത്യ ലിമിറ്റഡ് (എംഐഎൽ), ആർമേഡ് വെഹിക്കിൾസ് നിഗം ലിമിറ്റഡ് (അവാനി), അഡ്വാൻസ്ഡ് വെപ്പൺസ് ആൻഡ് എക്വിപ്‌മെന്റ് ഇന്ത്യ ലിമിറ്റഡ് (എഡബ്ല്യുഇ ഇന്ത്യ), ട്രൂപ് കംഫർട്ട്‌സ് ലിമിറ്റഡ് (ടിസിഎൽ), യന്ത്ര ഇന്ത്യ ലിമിറ്റഡ് (വൈൽ), ഇന്ത്യ ഒപ്റ്റൽ ലിമിറ്റഡ് (ഐഒഎൽ), ഗ്ലൈഡേഴ്‌സ് ഇന്ത്യ ലിമിറ്റഡ് (ജിഐഎൽ), എന്നിവയാണ് പുതിയ ഏഴ് പ്രതിരോധ കമ്പനികൾ.