ഇന്ന് വിജയദശമി. കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നു. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ രാവിലെ മുതൽ തുടങ്ങി. കൊല്ലൂർ മുകാംബികയിൽ വൻ ഭക്തജനത്തിരക്കാണ് ഉള്ളത്. ദേവീക്ഷേത്രങ്ങളിൽ വിശേഷാൽ പൂജയും മറ്റ് ചടങ്ങുകളും ഉണ്ടാകും. വിജയ ദശമി ദിവസമാണ് കേരളത്തിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് കടക്കുന്നത്. എഴുത്തിനിരുത്ത് എന്നാണ് ഇതറിയപ്പെടുന്നത്.
ഭാരതീയരുടെ പരിപാവനമായ ചടങ്ങുകളിലൊന്നാണ് വിദ്യാരംഭം. നവരാത്രി പൂജയുടെ അവസാന ദിവസമായ ദശമി ദിനത്തില്‍ വിദ്യാ ദേവതയായ സരസ്വതിയുടെ സന്നിധാനത്തില്‍ ഒരു ആചാര്യന്റെ കീഴില്‍ ഏതെങ്കിലും വിദ്യ പരിശീലിച്ച് തുടങ്ങുന്ന ചടങ്ങാണിത്. കേരളത്തിലെ പല ക്ഷേത്രങ്ങളിലും ആ ദിവസം വിദ്യരംഭം നടത്താറുണ്ട്. തിരൂരിലെ തുഞ്ചന്‍ പറമ്പിലും ആയിരക്കണക്കിനു കുട്ടികളെ അന്ന് എഴുത്തിനിരുത്തുന്നു.
കുട്ടിക്ക് അനുയോജ്യമായ മുഹൂർത്തം കുറിച്ച് വാങ്ങി നാവിൽ ആദ്യാക്ഷരമെഴുതിക്കുന്ന സമ്പ്രദായമാണ് പണ്ടുകാലത്ത് കേരളത്തിൽ നിലനിന്നിരുന്നത്. എന്നാൽ ഇപ്പോൾ എഴുത്തിനിരുത്തുന്നത് വിജയദശമി ദിനങ്ങളിൽ മാത്രമായി ചുരുങ്ങി. വിജയദശമി നാളിൽ നവമി ബാക്കിയുണ്ടെങ്കിൽ അതും കഴിഞ്ഞ ശേഷമേ വിദ്യാരംഭം തുടങ്ങാവു എന്ന് മാത്രം.
വിജയദശമി ദിവസം രാവിലെ കുളിച്ചു ശുദ്ധമായശേഷം പാർത്ഥനക്ക് ശേഷം പൂജ എടുക്കാം. അരച്ചെടുത്ത ചന്ദനത്തിൽ തുളസിയില തൊട്ടു പുസ്തകത്തിലും ഉപകരണത്തിലും വച്ച് വേണം പൂജയെടുക്കാൻ. പൂജയെടുത്ത ശേഷം ആദ്യം ഗണപതിയെയും വിദ്യാദേവതയായ സരസ്വതിയെയും ദക്ഷിണാമൂർത്തിയെയും നവഗ്രഹങ്ങളെയും ശ്രീകൃഷ്ണനെയും പൂജിക്കണം. കാരണം ബുദ്ധിയുടെ അധിപനായ ബുധനും ഗുരുവും കൃഷ്ണനാണ്.
അതിന് ശേഷം മണലിലോ ഉണക്കലരിയിലോ ‘ഓം ഹരിശ്രീ ഗണപതായെ നമ: അവിഘ്നമസ്തു ‘എന്ന് മലയാള അക്ഷരമാല എഴുതണം. അതിന് ശേഷം പുസ്തകം പൂജ വെച്ചവർ അതിന്റെ ഒരു ഭാഗം വായിക്കണം. മുതിർന്നവർ പുണ്യ ഗ്രന്ഥങ്ങൾ പകുത്തു വായിക്കാം . ഉപകരണങ്ങൾ പൂജ വെച്ചവർ അത് ദേവി തന്നെ ഏൽപ്പിച്ച കർമമെന്ന് മനസ്സിൽ കരുതി ഉപയോഗിക്കുക.
ഹൈന്ദവാചാരങ്ങളിൽ വിശ്വസിക്കുന്ന എല്ലാ മലയാളികളും ഓരോ പ്രദേശത്തേയും ജീവിത രീതിയുടെയും മറ്റും അടിസ്ഥാനത്തിൽ ഗ്രന്ഥങ്ങൾ പണിയായുധങ്ങൾ എന്നിവ ദേവീ സന്നിധിയിൽ പൂജിച്ച് വയ്ക്കുകയും വിജയദശമി ദിനം അവ പ്രാർത്ഥനയോടെ തിരികെ എടുക്കും. വിദ്യക്കും ജീവിതവൃത്തിക്കും അധിപയായ ദേവിയുടെ അനുഗ്രഹം നേടി എടുക്കുകയാണ് ഈ ആരാധനക്ക് പിന്നിൽ.