തിരുവനന്തപുരം: 2020ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ ശനിയാഴ്ച പ്രഖ്യാപിക്കും. വൈകീട്ട് മൂന്ന് മണിക്കാണ് പ്രഖ്യാപനം. ഇക്കുറി 80 സിനിമകളാണ് സംസ്ഥാന അവാർഡിനായി മത്സരിക്കുന്നത്. മത്സരരംഗത്തുള്ള സിനിമകൾ പ്രാഥമിക ജൂറി കണ്ടിട്ടുണ്ട്. അവയിൽ നിന്ന് മികച്ച 30 സിനിമകൾ അന്തിമ ജൂറിയുടെ പരിഗണനക്കായി ശുപാർശ ചെയ്തിരിക്കുകയാണ്.
ചലച്ചിത്ര താരവും സംവിധായികയും തിരക്കഥാകൃത്തുമായ സുഹാസിനി മണിരത്‌നമാണ് അന്തിമ ജൂറിയെ നയിക്കുന്നത്. കന്നഡ സംവിധായകൻ പി. ശേഷാദ്രി, സംവിധായകൻ ഭദ്രൻ എന്നിവരാണ് പ്രാഥമിക ജൂറിയുടെ തലപ്പത്തുണ്ടായിരുന്നത്. പുതുക്കിയ നിയമാവലി അനുസരിച്ചുള്ള ആദ്യ അവാർഡ് പ്രഖ്യാപനമാണ് ശനിയാഴ്ച നടക്കുന്നത്.
മികച്ച നടനുള്ള പുരസ്കാരത്തിന് ഫഹദ് ഫാസിൽ, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രന്‍സ്, ജയസൂര്യ, ബിജു മേനോന്, പൃഥ്വിരാജ് തുടങ്ങിയവരാണ് മത്സരരംഗത്തുള്ളത്. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൺ, ഭാരതപുഴ തുടങ്ങി പത്തോളം സിനിമകള്‍ മികച്ച ചിത്രത്തിനായി മത്സരിക്കുന്നു.