ന്യൂഡല്‍ഹി: നവ്‌ജോത് സിംഗ് സിദ്ദുവിന്റെ രാജി തള്ളി ഹൈക്കമാൻഡ്. സിദ്ദു പിസിസി അധ്യക്ഷനായി തുടരണമെന്ന് ഹൈക്കമാൻഡ് നിർദേശിച്ചു. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. നവ്‌ജോത് സിംഗ് സിദ്ദു കോൺഗ്രസ് ആസ്ഥാനത്ത് എത്തിയതിന് പിന്നാലെയാണ് ഹൈക്കമാൻഡിന്റെ പ്രതികരണം.
കെ സി വേണുഗോപാൽ, ഹരീഷ് റാവത്ത് എന്നിവരുമായിയാണ് സിദ്ദു കൂടിക്കാഴ്ച നടത്തിയത്. പി സി സി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ശേഷം നവ്‌ജോത് സിംഗ് സിദ്ദു ആദ്യമായാണ് എഐസിസി ആസ്ഥാനത്ത് എത്തിയത്.
സെപ്റ്റംബർ 28നാണ് സിദ്ദു പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചത്.
അതിനിടെ, കോണ്‍ഗ്രസില്‍ തലക്കാലം നേതൃമാറ്റം ഉണ്ടാവില്ലെന്ന വിവരം പുറത്തുവന്നു. സോണിയ ഗാന്ധി ഇടക്കാല അദ്ധ്യക്ഷയായി തുടരുമെന്നും സംഘടന തെരഞ്ഞെടുപ്പിന്റെ സമയം ശനിയാഴ്ചത്തെ പ്രവര്‍ത്തകസമിതി യോഗം തീരുമാനിക്കുമെന്നും ഉന്നതവൃത്തങ്ങള്‍ പറഞ്ഞു. ബിജെപിയുടെ തെറ്റി നില്ക്കുന്ന വരുണ്‍ ഗാന്ധിയെ പാര്‍ട്ടിയില്‍ കൊണ്ടുവരാന്‍ തയ്യാറാണെന്നും നേതാക്കള്‍ അറിയിച്ചു.