ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ പുകഴ്ത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഇന്ദിരാഗാന്ധി വർഷങ്ങളോളം രാജ്യത്തെ നയിക്കുക മാത്രമല്ല ചെയ്തത്, യുദ്ധസമയത്തും അവർ രാജ്യത്തെ മുന്നിൽ നിന്ന് നയിച്ചുവെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. 1971ലെ പാക് യുദ്ധത്തിലെ ഇന്ദിരയുടെ നേതൃപാടവം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
രാജ്യത്തിന്റെ വികസനത്തിൽ സ്ത്രീശക്തിയുമായി യോജിച്ച് പ്രവർത്തിക്കുന്നതിൽ ഇന്ത്യയ്ക്ക് നല്ല അനുഭവ പാരമ്പര്യമാണുള്ളത്. രാജ്യ സുരക്ഷയുടേയും രാഷ്ട്ര നിർമാണത്തിന്റെയും വിവിധ മേഖലകളിൽ സ്ത്രീകളുടെ സംഭാവനകൾ അംഗീകരിക്കുകയും അവ എടുത്ത് പറയേണ്ടതുമാണ്.
രാജ്യ സുരക്ഷയ്ക്കായി നിരവധി സ്ത്രീകൾ കൈയിൽ ആയുധമേന്തിയിട്ടുണ്ട്. അത്തരത്തിൽ ഏറ്റവും കൂടുതൽ ആദരിക്കപ്പെടേണ്ട വ്യക്തികളിൽ ഒരാളാണ് റാണി ലക്ഷ്മി ഭായ്. പ്രതിഭാ പാട്ടീല്‍ ഇന്ത്യയുടെ രാഷ്ട്രപതിയും സായുധ സേനയുടെ പരമോന്നത കമാന്‍ഡറുമായിരുന്നുവെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.