തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നല്കി.ബംഗാൾ ഉൾക്കടലിൽ രൂപ കൊണ്ട ന്യൂനമർദവും അറബിക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദമായതുമാണ് മഴ ശക്തമാക്കുക. ന്യൂനമർദം കേരള തീരത്തേക്ക് വരാൻ സാധ്യതയുള്ളത് കണക്കിലെടുത്ത് ദുരന്ത നിവാരണ അതോറിറ്റി ജില്ലകളിലെ സ്ഥിതി വിലയിരുത്തുകയാണ്.നാളെയും മറ്റന്നാളും ഏറെ കരുതൽ വേണ്ട ദിവസങ്ങളെന്നാണ് വിലയിരുത്തൽ. അറബിക്കടലിലെ ന്യൂനമർദമാണ് കാലാവസ്ഥാ കേന്ദ്രങ്ങളും ദുരന്ത നിവാരണ അതോറിറ്റിയും നിരീക്ഷിക്കുന്നത്. കേരള തീരത്തേക്ക് വന്നാൽ സംസ്ഥാനത്താകെ സ്വാധീനമുണ്ടാകും. ഒക്ടോബർ 17 വരെ വ്യാപക മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. മത്സ്യബന്ധനവിലക്ക് നാളെ വരെ തുടരും.