ന്യൂഡൽഹി: സെൻട്രൽ ഇലക്ട്രിക്കൽ അതോറിറ്റിയുടെ പുതിയ കണക്കനുസരിച്ച് രാജ്യത്തെ 18 താപവൈദ്യുത നിലയങ്ങളിൽ കൽക്കരി തീർന്നു.26 നിലയങ്ങളിൽ ഒരു ദിവസത്തെ സ്റ്റോക്കും 17 ഇടത്ത് 2 ദിവസത്തെ സ്റ്റോക്കും മാത്രമാണുള്ളത്. ആകെയുള്ള 135 നിലയങ്ങളിൽ 116 എണ്ണത്തിലും കൽക്കരി ക്ഷാമം ഗുരുതരമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ ചട്ടമനുസരിച്ച് ഖനികൾക്ക് സമീപമുള്ള താപവൈദ്യുതി നിലയങ്ങൾ 10 ദിവസത്തേക്കും അകലെയുള്ളവ 20 ദിവസത്തേക്കും കൽക്കരി സ്റ്റോക്ക് സൂക്ഷിക്കണം. എന്നാൽ ഗുരുതര പ്രതിസന്ധിയുള്ള 38 നിലയങ്ങളും അതീവഗുരുതര പ്രതിസന്ധിയുള്ള 78 നിലയങ്ങളുമാണുള്ളത്. ഉയർന്ന വൈദ്യുതി ആവശ്യം നിറവേറ്റാൻ 10% വരെ ഇറക്കുമതി ചെയ്ത കൽക്കരി ഉപയോഗിക്കാമെന്ന് കേന്ദ്രം നിർദേശിച്ചു. ഊർജക്ഷാമം രൂക്ഷമായതോടെ ബിഹാറിൽ മിക്ക ജില്ലകളിലും കഴിഞ്ഞ ദിവസം 10 മണിക്കൂറിലേറെ വൈദ്യുതി മുടങ്ങി. ബിഹാറിന് 6500 മെഗാവാട്ട് ആവശ്യമുണ്ടെങ്കിലും 4700 മെഗാവാട്ട് മാത്രമാണ് ലഭ്യമാകുന്നത്. പഞ്ചാബിൽ നാലാം ദിവസവും പവർകട്ട് തുടരുകയാണ്.