തിരുവനന്തപുരം: ജെ.ഇ.ഇ അഡ്വാൻസ്ഡ് 2021 ഫലം ഒക്ടോബർ 15ന് പ്രസിദ്ധികരിക്കും. ജെ.ഇ.ഇ മെയിൻ/അഡ്വാൻസ്ഡ് പരീക്ഷകളിൽ റാങ്ക് ലഭിച്ചവർക്കുള്ള ജോയൻറ് സീറ്റ് അലോക്കേഷൻ അതോറിറ്റിയുടെ (ജോസ) സംയുക്ത സീറ്റ് അലോട്ട്മെൻറ് നടപടികൾ ഒക്ടോബർ 16ന് തുടരും.
ചോയിസ് ഫില്ലിങ്/രജിസ്ട്രെഷൻ എന്നിവ ഒക്ടോബർ 16 രാവിലെ 10 മുതൽ ഒക്ടോബർ 25 വൈകീട്ട് അഞ്ചുവരെ നടത്തും. ആർക്കിടെക്ചർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ യോഗ്യത നേടുന്നവർക്ക് ഒക്ടോബർ 22ന് രജിസ്റ്റർ ചെയ്യാവുന്നതാണ്. ചോയിസ് ഫില്ലിങ്/രജിസ്ട്രേഷൻ, അലോക്കേഷൻ നടപടിക്രമങ്ങളും ഷെഡ്യൂളുകളും https://josaa.nic.inൽ ലഭ്യമാണ്.
23 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി (ഐ.ഐ.ടികൾ), 32 നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി (എൻ.ഐ.ടികൾ), 26 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐ.ഐ.ഐ.ടികൾ), 33 സർക്കാർ ഫണ്ടോടുകൂടി പ്രവർത്തിക്കുന്ന സാങ്കേതിക ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ 2021-23 വർഷം നടത്തുന്ന അണ്ടർഗ്രാജ്വേറ്റ്/ഇൻറഗ്രേറ്റഡ് ഡ്യൂവൽ ഡിഗ്രി, എൻജിനീയറിങ് ടെക്നോളജി/ ആർക്കിടെക്ചർ/ പ്ലാനിങ് പ്രോഗ്രാമുകളിലേക്കാണ് ‘ജോസ 2021’ ഏകീകൃത സീറ്റ് അലോട്ട്മെൻറ് നടപടികൾ.
ജോസ അലോക്കേഷന്റെ പരിധിയിൽപ്പെടുന്ന എല്ലാ സ്ഥാപനങ്ങളും കോഴ്സുകളും സീറ്റുകളും വെബ്സൈറ്റിലുണ്ടാവും. സ്ഥാപനങ്ങളും കോഴ്സുകളും അടങ്ങിയ ഓപ്ഷനുകൾ https://josaa.nic.inൽ രജിസ്റ്റർ ചെയ്യാം. റാങ്ക് നില കൂടി പരിഗണിച്ചുവേണം ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യേണ്ടത്.
ജെ.ഇ.ഇ അഡ്വാൻസ്ഡ് 2021 റാങ്ക് ജേതാക്കൾക്ക് ഐ.ഐ.ടി കോഴ്സുകളിലേക്കും ജെ.ഇ.ഇ മെയിൻ 2021ൽ റാങ്ക് നേടിയവർക്ക് എൻ.ഐ.ടികൾ, ഐ.ഐ.ഐ.ടികൾ, കേന്ദ്ര ഫണ്ടോടെ പ്രവർത്തിക്കുന്ന മറ്റ് സാങ്കേതിക സ്ഥാപനങ്ങൾ നടത്തുന്ന കോഴ്സുകളിലേക്ക് ഓപ്ഷൻ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഒക്ടോബർ 25 വൈകീട്ട് അഞ്ചുമണിവരെയാണ് ഇതിനുള്ള അവസരം ലഭിക്കുക.
ഒക്ടോബർ 21 വൈകീട്ട് അഞ്ചുമണിവരെയുള്ള രജിസ്റ്റർ ചെയ്ത ഓപ്ഷനുകൾ പരിഗണിച്ച് ഒക്ടോബർ 22ന് രാവിലെ 10 മണിക്ക് ആദ്യ മോക് സീറ്റ് അലോക്കേഷൻ പട്ടികയും ഒക്ടോബർ 23 വൈകീട്ട് അഞ്ചുമണിവരെയുള്ള രജിസ്ട്രേഷനുകൾ പരിഗണിച്ച് ഒക്ടോബർ 24 രാവിലെ 10 മണിക്ക് രണ്ടാമത്തെ മോക് സീറ്റ് അലോട്ട്മെൻറ് പട്ടികയും പ്രസിദ്ധീകരിക്കും. പ്രവേശന സാധ്യതകളറിയാൻ ഇത് സഹായകമാവും.
ഒക്ടോബർ 25 വൈകീട്ട് അഞ്ചുമണിവരെ രജിസ്റ്റർ ചെയ്തവരുടെ ഡേറ്റാ/വിവരങ്ങൾ പരിശോധിച്ച് ഒക്ടോബർ 27 രാവിലെ 10 മണിക്ക് ആദ്യറൗണ്ട് സീറ്റ് അലോട്ട്മെൻറ് പ്രസിദ്ധപ്പെടുത്തുന്നതാണ്. മൊത്തം ആറ് അലോട്ട്മെൻറുകളാണ് ജോസ ഇക്കുറി നടത്തുക. ഓൺലൈൻ റിപ്പോർട്ടിങ്, ഫീസ് പേയ്മെൻറ്, ഡോക്യുമെൻറ് അപ്ലോഡ് ഉൾപ്പെടെയുള്ള അഡ്മിഷൻ നടപടിക്രമങ്ങൾ വെബ്സൈറ്റിലുണ്ട്.