തിരുവനന്തപുരം ∙ കൊച്ചുവേളി മുതൽ കാസർകോട് വരെയുള്ള വേഗ റെയിൽ പദ്ധതിക്കു ഭൂമി ഏറ്റെടുക്കാൻ 6 ജില്ലകളിൽ വിജ്ഞാപനം ഇറക്കിയെന്നും ചെങ്ങന്നൂർ വരെയുള്ള ഒന്നാംഘട്ട ഏറ്റെടുക്കലിനു ഹഡ്കോ 3000 കോടി രൂപയുടെ വായ്പ അനുവദിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു.പദ്ധതിക്കു റെയിൽവേ ബോർഡിന്റെ തത്വത്തിലുള്ള അനുമതി ലഭിച്ചു. സ്ഥലം ഏറ്റെടുക്കലുമായി മുന്നോട്ടു പോകാൻ കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്. വീടുകൾ ഉൾപ്പെടെ 9,314 കെട്ടിടങ്ങളെ ബാധിക്കും. 63,941 കോടി ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിക്ക് 1,383 ഹെക്ടർ ഭൂമി പുനരധിവാസത്തിന് ഉൾപ്പെടെ വേണ്ടിവരും. 1,198 ഹെക്ടർ സ്വകാര്യ ഭൂമിയാണ്. സ്ഥലം ഏറ്റെടുക്കാൻ 13,362.32 കോടി വേണം. ഹെക്ടറിന് 9 കോടിയാണു നഷ്ടപരിഹാരമായി കണക്കാക്കുന്നത്.
പാത കടന്നു പോകുന്ന 11 ജില്ലകളിലെ ആരാധനാലയങ്ങളെയും പാടങ്ങളെയും കാവുകളെയും പരമാവധി ബാധിക്കാത്ത രീതിയിലാണു നടപ്പാക്കുന്നത്. തിരുവനന്തപുരം മുതൽ തിരൂർ വരെ എലിവേറ്റഡ് പാത ഉദ്ദേശിക്കുന്നു. 115 കിലോമീറ്റർ പാടശേഖരങ്ങളിൽ 88 കി.മീ. ആകാശപാതയാണ്.ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ഹിയറിങ് നടത്തും. കിഫ്ബി വഴി 2100 കോടി രൂപ ഭൂമി ഏറ്റെടുക്കലിനു വകയിരുത്തുന്നുണ്ട്.പദ്ധതിക്കു രാജ്യാന്തര സാമ്പത്തിക സ്ഥാപനങ്ങളായ ജെയ്ക ഉൾപ്പെടെ സാമ്പത്തിക സഹായം നൽകും. ഇതു സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി തകർക്കുമെന്ന ആരോപണത്തിൽ അടിസ്ഥാനമില്ല.തിരുവനന്തപുരം മുതൽ കാസർകോട് വരെ 4 മണിക്കൂറിൽ യാത്ര ചെയ്യാവുന്ന പദ്ധതിയാണിത്. കേരളത്തിൽ ജനസാന്ദ്രത കൂടുതലുള്ളതിനാൽ സ്റ്റോപ്പുകൾ കൂടുതൽ വേണ്ടി വരും. ഓരോ 50 കിലോ മീറ്ററിലും സ്റ്റോപ് ഉള്ളതിനാൽ വേഗ റെയിൽ പദ്ധതിയാണു കേരളത്തിൽ പ്രായോഗികമെന്നും മുഖ്യമന്ത്രി പറഞ്ഞു.