കൊച്ചി : മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട് വിദേശ മലയാളി വനിത അനിത പുല്ലയിലിനെ വിളിച്ചു വരുത്താന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. മോന്‍സന്‍ മാവുങ്കലുമായി അനിത പുല്ലയില്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. അതുകൊണ്ടു തന്നെ മോന്‍സന്റെ തട്ടിപ്പുമായി ബന്ധപ്പെട്ടും ഇടപാടുകള്‍ സംബന്ധിച്ചും അനിതയ്ക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയാമെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍.
മുന്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ മോന്‍സണ് പരിചയപ്പെടുത്തിയത് അനിതയായിരുന്നു. നേരത്തെ കേസുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ അനിത ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.പല ഉന്നതരേയും മോന്‍സണ് പരിചയപ്പെടുത്തിയത് അനിതയായിരുന്നു. ലോക്‌നാഥ് ബെഹ്‌റയെ മോന്‍സണ്‍ നടത്തുന്ന മ്യൂസിയത്തിലെത്തിച്ചത് അനിതയായിരുന്നു. തട്ടിപ്പ് കേസില്‍ പരാതിക്കാരെ അനിത സഹായിച്ചിരുന്നു. നാട്ടിലെത്തിച്ച് ഇവരെ വിശദമായി ചോദ്യം ചെയ്യാനാണ് പദ്ധതി.
അതിനിടെ, പുരാവസ്തുക്കളുടെ മറവിലെ സാമ്പത്തിക തട്ടിപ്പിന് പുറമേ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ പേരിലും മോന്‍സന്‍ നടത്തിയ ഇടപാടുകളെപ്പറ്റിയും ക്രൈംബ്രാഞ്ച് അന്വേഷിച്ചു വരികയാണ്. ചേര്‍ത്തലയിലെ നൂറേക്കറില്‍ രാജ്യാന്തര മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലേക്കായി ജീവനക്കാരെയും നിയമിച്ചിരുന്നു. സൗന്ദര്യ ചികിത്സയുടെ മറവില്‍ മോന്‍സന്‍ നടത്തിയ ആയുര്‍വേദ ചികിത്സയെക്കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.