തിരുവനന്തപുരം: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന് എച്ച് വൈശാഖിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. രാത്രി ഒമ്പതരയോടെയാണ് വൈശാഖിന്റെ മൃതദേഹം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചത്.
സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ധനമന്ത്രിമന്ത്രി കെ.എൻ. ബാലഗോപാൽ അന്തിമോപചാരം അർപ്പിച്ചു. ജില്ലാ കളക്ടർ, സൈനിക ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി പാങ്ങോട് സൈനിക ക്യാമ്പിൽ എത്തിച്ചു.
കൊല്ലം ഓടനാവട്ടം കുടവട്ടൂരിലെ വീട്ടുവളപ്പില്‍ വ്യാഴാഴ്ചയാണ് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം. രാവിലെ 9.30 ന് കുടവട്ടൂർ എൽപിഎസിൽ പൊതുദർശനത്തിനുവയ്ക്കും.
ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയില്‍ തിങ്കളാഴ്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലം വെളിയം കുടവട്ടൂര്‍ ആശാന്‍മുക്ക് ശില്പാലയത്തില് വൈശാഖ്(24) ഉള്‍പ്പെടെ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചത്. ആയുധശേഖരവുമായി ഭീകരരുടെ സംഘം വനത്തില്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. ഗുരുതരമായി പരിക്കേറ്റ സൈനികരെ ചികിത്സാകേന്ദ്രത്തിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.