തിരുവനന്തപുരം: കോവിഡ് (covid 19) ബാധിച്ച് മരിക്കുന്ന വ്യക്തികളുടെ കുടുംബത്തിന് (covid victims) നിലവിലുള്ള ധനസഹായങ്ങള്‍ക്കു പുറമേ സമാശ്വാസ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മരിച്ച വ്യക്തിയെ ആശ്രയിച്ചുകഴിയുന്ന ബി.പി.എല്‍. കുടുംബങ്ങള്‍ക്കാണ് ഇത് ലഭിക്കുക.
പ്രതിമാസം 5000 രൂപ വീതം ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ ആയി ആദ്യം സമാശ്വാസം ലഭിക്കുന്ന മാസം മുതല്‍ മൂന്നു വര്‍ഷത്തേയ്ക്കാണ് സഹായം നല്‍കുക. ഇതിനാവശ്യമായ തുക ബജറ്റില്‍ വകയിരുത്തുന്നതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് വഹിക്കാനും തീരുമാനിച്ചു.
സാമൂഹ്യക്ഷേമ/ക്ഷേമനിധി/മറ്റു പെന്‍ഷനുകള്‍ ആശ്രിതര്‍ക്ക് ലഭ്യമാകുന്നത് അയോഗ്യതയാവില്ല. വ്യക്തി സംസ്ഥാനത്തിന് അകത്തോ പുറത്തോ രാജ്യത്തിന് പുറത്തോ മരണപ്പെടുകയാണെങ്കിലും കുടുംബം സംസ്ഥാനത്ത് സ്ഥിരതാമസമാക്കിയിട്ടുണ്ടെങ്കില്‍ ആനുകൂല്യം നല്‍കും. ബി.പി.എല്‍. വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ നിശ്ചയിക്കുമ്പോള്‍ മരിച്ച വ്യക്തിയുടെ വരുമാനം ഒഴിവാക്കും.
ഒറ്റ പേജില്‍ ലളിതമായ ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ആശ്രിതര്‍ക്കു കഴിയണം. ഇതിനാവശ്യമായ തുടര്‍ നടപടികള്‍ക്ക് ബന്ധപ്പെട്ട ജില്ലാ കളക്ടറെയും റവന്യൂ അധികാരികളെയും ചുമതലപ്പെടുത്തും.
അപേക്ഷ നൽകി പരമാവധി 30 ദിവസത്തിനകം ആനുകൂല്യം നൽകേണ്ടതാണ്. പ്രതിമാസം 5000 രൂപ വീതം സമാശ്വാസം ലഭിക്കുന്ന മാസം മുതൽ മൂന്നു വർഷത്തേയ്ക്കാണ് ഇത് നൽകുക. ഇതിനാവശ്യമായ തുക ബജറ്റിൽ വകയിരുത്തുന്നതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് വഹിക്കാനും തീരുമാനിച്ചു.