കൊല്ലം: ഉത്രവധക്കേസിൽ നീതി ലഭിച്ചില്ലെന്ന് ഉത്രയുടെ കുടുംബം. വിധിയില്‍ തൃപ്തിയില്ല. വധശിക്ഷ പ്രതീക്ഷിച്ചിരുന്നു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ പിഴവാണ് ഇത്തരം കുറ്റവാളികളെ ഉണ്ടാക്കുന്നത് എന്ന് ഉത്രയുടെ അമ്മ മണിമേഖല പറഞ്ഞു.
പരമോന്നത ശിക്ഷയാണ് പ്രതീക്ഷിച്ചിരുന്നത്. ഇത്രയും വലിയ കുറ്റകൃത്യം നടത്തിയ പ്രതിക്ക് തക്കതായ ശിക്ഷ ലഭിച്ചില്ലെങ്കില്‍ സമൂഹം എങ്ങോട്ടാകും പോവുകയെന്നും മണിമേഖല ചോദിച്ചു. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജ് ആണ് വിധി പ്രസ്താവിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്ന് കോടതി നിരീക്ഷിച്ചു.
വധശിക്ഷ ഒഴികെയുള്ള പരമാവധി ശിക്ഷയാണ് നല്‍കിയിട്ടുള്ളതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിയുടെ പ്രായവും ക്രിമിനല്‍ പശ്ചാത്തലമില്ലാത്തതും പരിഗണിച്ചാണ് വധശിക്ഷയില്‍ നിന്നും ഒഴിവാക്കിയത്. കൊലപാതകം, വധശ്രമം എന്നീ കേസുകളില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷയാണ് നല്‍കിയിട്ടുള്ളത്. മറ്റു രണ്ടു വകുപ്പുകള്‍ പ്രകാരം 10 വര്‍ഷം, ഏഴു വര്‍ഷം തടവു വീതവും വിധിച്ചിട്ടുണ്ട്.
ആദ്യം 10 വര്‍ഷം തുടര്‍ന്ന് ഏഴു വര്‍ഷം എന്നിങ്ങനെ ശിക്ഷ അനുഭവിക്കണം. അതിനു ശേഷമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ തുടങ്ങുകയെന്ന് കോടതി പ്രസ്താവിച്ചിട്ടുണ്ട്. ഇതുപ്രകാരം പ്രതി ആയുഷ്‌കാലം ജയിലില്‍ കഴിയേണ്ടി വരുമെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. അഞ്ചുലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302 ( കൊലപാതകം), 307 (വധശ്രമം), 328 (വിഷമുള്ള വസ്തു ഉപയോഗിച്ചുള്ള കൊലപാതകം), 201 (തെളിവ് നശിപ്പിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്ന് കോടതി പറഞ്ഞു.
അതേസമയം, ഉത്ര വധക്കേസില്‍ കോടതിവിധിയില്‍ സംതൃപ്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ഹരിശങ്കര്‍. അന്വേഷണസംഘം ചുമത്തിയ കുറ്റങ്ങളിലെല്ലാം പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. അന്വേഷണസംഘത്തിൻ്റെയും പ്രോസിക്യൂഷൻ്റെയും മറ്റുവകുപ്പുകളുടേയും കൂട്ടായ്മയുടെ വിജയമാണ് ഇതെന്നും ഹരിശങ്കര്‍ പറഞ്ഞു.
ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കുന്നതിനായി പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തിയ കേസില്‍ രാജ്യത്ത് ശിക്ഷിക്കപ്പെടുന്ന ആദ്യ പ്രതിയാണ് സൂരജ്. 87 സാക്ഷികള്‍ നല്‍കിയ മൊഴികളും 288 രേഖകളും 40 തൊണ്ടിമുതലുകളും അപഗ്രഥിച്ച ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്.