ന്യൂഡൽഹി: ഇന്ന് കാണുന്ന ഇന്ത്യ ഹിന്ദുത്വ വാദിയായിരുന്ന സവർക്കർ കണ്ട സ്വപ്നമാണെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്. മോദി സർക്കാർ അധികാരമേറ്റ അന്ന് മുതൽ സവർക്കർ സ്വപ്നം കണ്ട കാലം ആരംഭിച്ചുവെന്നും മോദിയുടെ ഭരണമാണ് അത് സാക്ഷാത്കരിച്ചതെന്നും മോഹൻ ഭാഗവത്. സവർക്കർ ബ്രിട്ടീഷുകാരോട് മാപ്പ് അഭ്യർഥിച്ചത് ഗാന്ധിയുടെ പ്രേരണയാൽ ആണെന്ന രാജ്നാഥ് സിങിൻ്റെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ആർഎസ്എസ് തലവൻ്റെ സവർക്കർ വാഴ്ത്ത്. സവർക്കർ സാമൂഹ്യ പരിഷ്കർത്താവാണെന്ന് കൂടി മോഹൻ ഭാഗവത് പറഞ്ഞു.
ചില പ്രത്യേക താൽപര്യക്കാർ പറഞ്ഞ് നടക്കുന്നത് പോലെ സവർക്കർ നാസിയോ, ഫാസിസ്റ്റോ ആയിരുന്നില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം രാജ്നാഥ് സിങിൻ്റെ പ്രസ്താവന. ഗാന്ധിയുടെയും കമ്യൂണിസ്റ്റുകളുടെയും പ്രേരണ കൊണ്ടാണ് ബ്രിട്ടീഷുകാർക്ക് സവർക്കർ മാപ്പ് അപേക്ഷ നൽകിയത്. എല്ലാവരും തുല്യരാണെന്നതിലായിരുന്നു സവർക്കർ വിശ്വസിച്ചിരുന്നതെന്നും രാജ്നാഥ് സിങ് അവകാശപ്പെട്ടിരുന്നു. എന്നാൽ ആർഎസ്എസ് ബിജെപി നേതാക്കളുടെ സവർക്കർ വാഴ്ത്തിനെതിരെ വ്യാപക പ്രതിഷേധവും ട്രോളുകളും നിറയുന്നുണ്ട്.