ദുബായ്: ദുബായ് എക്‌സ്‌പോ 2020ല്‍ സന്ദര്‍ശക പ്രവാഹം. സെപ്തംബര്‍ 30ന് നടന്ന ഉദ്ഘാടന പരിപാടികള്‍ക്ക് ശേഷം 10 ദിവസത്തില്‍ എക്‌സ്‌പോ സന്ദര്‍ശിച്ചത് നാലു ലക്ഷത്തിലധികം സന്ദര്‍ശകര്‍. എക്‌സ്‌പോ വേദിയുടെ പ്രവര്‍ത്തകര്‍, പ്രദര്‍ശകര്‍, പ്രതിനിധികള്‍ എന്നിവരെ കൂട്ടാതെയുള്ള കണക്കാണിത്. ഇന്ത്യയിൽ നിന്നടക്കം വിവിധ രാജ്യങ്ങളിൽ നിന്ന് ദുബായിലേയ്ക്ക് വൻ സന്ദർശക പ്രവാഹമാണ് ഉണ്ടായികൊണ്ടിരിക്കുന്നതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫൊറിനേഴ്സ് അഫയേഴ്സ് അറിയിച്ചു.
ഞായറാഴ്ച വരെ എക്‌സ്‌പോ സന്ദര്‍ശിച്ചവരുടെ ആകെ എണ്ണം 411,768 ആയി. ഇതില്‍ 175 രാജ്യങ്ങളില്‍ നിന്നുള്ളവരുണ്ട്. സന്ദര്‍ശകരില്‍ മൂന്നിലൊന്ന് യുഎഇയ്ക്ക് പുറത്തു നിന്ന് എത്തിച്ചേര്‍ന്നവരാണെന്ന് ജിഡിആർഎഫ്എ ദുബായ് തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മറി പറഞ്ഞു. ടൂറിസത്തിന്റെ ശക്തമായ തിരിച്ചുവരവും കോവിഡ്19ൽ നിന്നുള്ള യുഎഇയുടെ മികച്ച അതിജീവനവുമാണ് സന്ദർശകരുടെ എണ്ണത്തിലുള്ള വർധവ് സൂചിപ്പിക്കുന്നത്.
ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ എക്സ്പോ വെര്‍ച്വലില്‍ 30 ലക്ഷം ആളുകള്‍ ഉദ്ഘാടന ചടങ്ങ് തത്സമയം കണ്ടു. തിങ്കളാഴ്ച രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സന്ദര്‍ശകരുടെ കണക്കുകള്‍ അധികൃതര്‍ പുറത്തുവിട്ടത്. ഇതിനകം സന്ദര്‍ശിച്ചവരില്‍ അഞ്ചിലൊരാള്‍ ഒന്നിലേറെ തവണ എക്‌സ്‌പോയില്‍ വന്നിട്ടുണ്ട്. ഒരു ദിവസം കൊണ്ട് മേളയുടെ 10 ശതമാനം പോലും കണ്ടു തീര്‍ക്കാന്‍ കഴിയാത്തതിനാല്‍ പല തവണ എക്‌സ്‌പോയിലേക്ക് വരേണ്ട സാഹചര്യമാണുള്ളത്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ പാസ്പോർട്ട് കൺട്രോൾ ഓഫീസർമാർ പ്രതിദിനം 85,000 ൽ അധികം യാത്രക്കാരെ എൻട്രി, എക്സിറ്റ് പോയിന്റുകളിൽ കൈകാര്യം ചെയ്യുന്നുണ്ടെന്ന് മുൻപ് ജിഡിആർഎഫ്എ വെളിപ്പെടുത്തിയിരുന്നു.
എക്സ്പോയിലേക്കുള്ള ദശലക്ഷക്കണക്കിന് സഞ്ചാരികളെ മികച്ച രീതിയിൽ രാജ്യത്തേക്ക് സ്വാഗതം ചെയ്യാൻ ജിഡിആർഎഫ്എ സദാസമയം സേവന സന്നദ്ധരാണ്. നടപടിക്രമങ്ങൾ കൂടുതൽ സുഗമമാക്കാൻ മികവാർന്ന സേവനങ്ങൾ നൽകിവരുന്നു. യുഎഇയുടെ സാംസ്കാരിക പൈതൃകം കാണാനുള്ള സവിശേഷമായ അവസരമാണ് എക്സ്പോ 2020 സന്ദർശകർക്ക് നൽകുന്നത്. ഈ അഭൂതപൂർവമായ വിജയത്തിന്റെ ഭാഗമായതിൽ അഭിമാനിക്കുന്നുവെന്നും മഹാമാരിക്ക് ശേഷം രാജ്യത്തേക്കുള്ള സന്ദർശകരുടെ എണ്ണത്തിലുള്ള വർധനവ് സമ്പത്ത് വ്യവസ്ഥയെ കൂടുതൽ ഉത്തേജിപ്പിക്കുമെന്നും അൽ മർറി കൂട്ടിച്ചേർത്തു.