തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളികളുടെ ക്ഷേമ പദ്ധതിയ്ക്ക് നിയമസാധുത നൽകുന്ന ബില്ലിന് നിയമസഭയുടെ അംഗീകാരം. 2020–21 ലെ കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബിൽ സഭ ഐക്യകണ്ഠേന പാസാക്കി. സഭാ സമ്മേളനത്തിന്റെ ആദ്യനാള്‍ തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ അവതരിപ്പിച്ച ബില്ലാണ് സബ്ജക്ട് കമ്മിറ്റി പരിശോധനയ്ക്കുശേഷം ഇന്നലെ സഭ വീണ്ടും പരിഗണിച്ചത്. ഇതുകൂടാതെ മൂന്നു ബില്ലും സഭ അംഗീകരിച്ചു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെയും പരിധിയിൽ തൊഴിലാളികളാണ് പദ്ധതിയിലെ അംഗങ്ങൾ. രണ്ട് തൊഴിലുറപ്പ് പദ്ധതികളിലുമായി രജിസ്റ്റർ ചെയ്ത 40 ലക്ഷം കുടുംബങ്ങൾ പദ്ധതിയുടെ ഭാഗമാകും.
തൊഴിലുറപ്പ് നിയമപ്രകാരം റജിസ്റ്റര്‍ ചെയ്ത് തൊഴിലുറപ്പ് കാര്‍ഡുകള്‍ ലഭിച്ചിട്ടുള്ളതും 18നും 55നും വയസ്സിനിടയില്‍ പ്രായമുള്ളവര്‍ക്ക് ക്ഷേമനിധിയില്‍ അംഗത്വം നേടാം. 60 വയസ്സുവരെ അംശാദായം അടച്ചിട്ടുള്ളതും 60 വയസ്സ് കഴിയുന്നവരുമായ അംഗങ്ങള്‍ക്ക് പെന്ഷന് നല്‍കും. അംഗങ്ങള്‍ മരിച്ചാല്‍ ആശ്രിതര്‍ക്കും ധനസഹായം ലഭിക്കുമെന്ന വ്യവസ്ഥയും ബില്ലിലുണ്ട്. അതേസമയം ക്ഷേമനിധി ബില്ലിന് മഹാത്മാഗാന്ധിയുടെയും അയ്യൻകാളിയുടെയും പേര് നൽകണമെന്ന പ്രതിപക്ഷ ആവശ്യം പരിഗണിക്കപ്പെട്ടില്ല.
കെട്ടിട നിർമാണാനുമതി വൈകിപ്പിക്കുന്നതുമൂലമുള്ള തടസ്സങ്ങൾ ഒഴിവാക്കാനായി സർക്കാർ സ്വീകരിച്ച നടപടികൾക്ക് സാധുത ഉറപ്പാക്കാനുള്ള നിയമ ഭേദഗതി നിർദേശങ്ങൾ അടങ്ങിയ ബില്ലുകളും സഭ പസാക്കി. അപകടസാധ്യത കുറഞ്ഞ കെട്ടിടങ്ങൾക്ക് സ്വയം സാക്ഷ്യപത്രം സഹിതം കെട്ടിട നിർമാണ പെർമിറ്റിനുള്ള അപേക്ഷ നൽകാമെന്ന് ബില്ലുകളിൽ വ്യവസ്ഥ ചെയ്യുന്നു. അതിന്മേൽ അഞ്ച് ദിവസത്തിനകം കൈപ്പറ്റുസാക്ഷ്യപത്രം തദ്ദേശ സ്ഥാപന സെക്രട്ടറി നൽകണം. ഈ സാക്ഷ്യപത്രം പെർമിറ്റായി കരുതി നിർമാണം ആരംഭിക്കാനും ബിൽ വ്യവസ്ഥ ചെയ്യുന്നു.
സാംക്രമിക രോഗം പടരുന്ന സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് നടപടികളിൽ ആവശ്യമായ മാറ്റം വരുത്തി പുതിയ ഭരണസമിതികളെ തെരഞ്ഞെടുക്കുന്നതിന് സഹായകമാകുന്ന നിലയിൽ ഇറക്കിയ ഓർഡിനൻസിന് പകരം കൊണ്ടുവന്നതാണ് പാസായ മറ്റൊരു ബില്ല്. കേരള ടൗൺ ആൻഡ് കൺട്രി പ്ലാനിങ് ആക്ടിൽ അനിവാര്യമായ 14 ഭേദഗതികൾ ഉൾക്കൊള്ളുന്ന കേരള നഗര-ഗ്രാമാസൂത്രണ ഭേദഗതി ബില്ലും സഭ അംഗീകരിച്ചു.