മുംബൈ: ആഢംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ (Drug Party Case) ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ആര്യൻഖാന്‍റെ (Aryan Khan) ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. പ്രത്യേക എൻഡിപിഎസ് കോടതിയാണ് (NDPS Court) ആര്യന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ആര്യന്‍റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം മുംബൈ മജിസ്ട്രേറ്റ് കോടതി(Mumbai Magistrate Court) തള്ളിയിരുന്നു. ആര്യനിൽ നിന്നും ഇതുവരെ മയക്കുമരുന്ന് കണ്ടെടുത്തിട്ടില്ലാത്തതിനാല്‍ എന്‍സിപിഎസ് ആക്റ്റിനു കീഴില്‍ ജാമ്യം നിരസിക്കാനാവില്ലെന്നായിരുന്നു അഭിഭാഷകന്‍ സതീഷ് മനെഷിന്‍ഡെയുടെ വാദം.
ആര്യനോടൊപ്പം കേസിലെ മറ്റു പ്രതികളും ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇവരുടെ അപേക്ഷയും ബുധനാഴ്ച പരിഗണിച്ചേക്കും. ആര്യന്റെ സുഹൃത്ത് അർബാസ് മർച്ചന്റിൽനിന്ന് ആറുഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തുവെന്ന എൻ.സി.ബി. യുടെ വാദം സി.സി.ടി.വി. ദൃശ്യത്തിലൂടെ പൊളിക്കാൻ കഴിയുമെന്നാണ് അഭിഭാഷകന്റെ പ്രതീക്ഷ.
ഒക്ടോബർ രണ്ടിന് രാത്രിയിലാണ് കോർഡെലിയ എന്ന ആഡംബരക്കപ്പലിൽ നടന്ന ലഹരി വിരുന്നിനിടയിൽ ആര്യൻഖാനടക്കം എട്ടുപേർ അറസ്റ്റിലാകുന്നത്. ഇവരിൽനിന്ന് ലഭിച്ച വിവരത്തെ തുടർന്ന് രണ്ട് വിദേശികളടക്കം 12 പേർ അറസ്റ്റിലായി. ജുഡിഷ്യൽ കസ്റ്റഡിയിലുള്ള ആര്യനടക്കം 13 പേർ ആർതർ റോഡ് ജയിലിലാണ്.