തിരുവനന്തപുരം; വിദ്യാർഥികൾക്ക് കോവിഡ് പ്രതിരോധ ഹോമിയോ മരുന്ന് നൽകാൻ കർമ പദ്ധതിയുള്ളതായി സർക്കാർ ഹൈകോടതിയിൽ. ‘കരുതലോടെ മുന്നോട്ട്’ എന്ന പേരിൽ ഹോമിയോ ഡയറക്ടർ സമർപ്പിച്ച പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകിയതായും സർക്കാർ വ്യക്തമാക്കി.
ഹോമിയോ പ്രതിരോധ മരുന്ന് നൽകാൻ സർക്കാറിനോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ എം. എസ് വിനീത് നൽകിയ ഹരജിയിലാണ് വിശദീകരണം. സ്കൂൾ കുട്ടികൾക്ക് പ്രതിരോധ മരുന്ന് നൽകുന്നതിന് മുമ്പ് രക്ഷിതാക്കളുടെ അനുമതി വാങ്ങണമെന്നും ആവശ്യമായ മരുന്നു വാങ്ങി വിതരണം ചെയ്യാൻ ഹോമിയോപ്പതി ഡയറക്ടർ നടപടികൾ സ്വീകരിക്കണമെന്നും വ്യക്തമാക്കി ഇറക്കിയ ഉത്തരവും സർക്കാർ ഹാജരാക്കി.