മുംബൈ: കുപ്രസിദ്ധ അധോലോക നേതാവും കൊടും കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിം തന്റെ കുട്ടിക്കാലം ചെലവഴിച്ചിരുന്ന വീട് ധർമപാഠശാലയാക്കി മാറ്റുമെന്ന് ഉടമസ്തനായ അഭിഭാഷകൻ. മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ വീടാണ് സനാതൻ സ്കൂൾ ആക്കി മാറ്റുക
അഭിഭാഷകനായ അജയ് ശ്രീ വാസ്തവയാണ് ദാവൂദ് ഇബ്രാഹിം തന്റെ കുട്ടിക്കാലം ചെലവഴിച്ചിരുന്ന വീട് ലേലത്തിലൂടെ സ്വന്തമാക്കിയത്. 11,20,000 രൂപയ്ക്കായിരുന്നു ശ്രീവാസ്തവ വീട് ലേലത്തിലെടുത്തത്. കഴിഞ്ഞ വർഷമാണ് ഈ വീട് അടക്കം രണ്ട് വസ്തുവകകൾ ലേലത്തിലെടുത്തത്.
1980കളിൽ ദാവൂദ് ഇബ്രാഹിം താമസിച്ചിരുന്ന വീടായിരുന്നു ഇതെന്നാണ് റിപ്പോർട്ട്. ദാവൂദ് ഇബ്രാഹിമിന്റെ പിതാവ് ഇബ്രാഹിം കസ്കറിന് മുംബൈ പോലീസിൽ ജോലി ലഭിച്ചതോടെ അദ്ദേഹത്തിന്റെ കുടുംബം ഈ വീട്ടിലേക്ക് വരാതായി എന്നും റിപ്പോർട്ടുകളുണ്ട്.
1.89 ലക്ഷം രൂപ അടിസ്ഥാന വിലയിട്ട മറ്റൊരു പ്ലോട്ട് 4.3 ലക്ഷം രൂപയ്ക്കാണ് ശ്രീവാസ്തവ ലേലത്തിൽ വാങ്ങിയത്. ദാവൂദിന്റെ മാതാവിന്റെയും സഹോദരിയുടെയും പേരിലുള്ളതായിരുന്നു ഈ പ്ലോട്ട്. മറ്റു വസ്തുവകകൾ അടിസ്ഥാന വിലയ്ക്കും നല്കി. ദാവൂദിന്റെ വസ്തുവകകളുടെ മുൻപ് നടന്ന ലേലങ്ങളിലും പങ്കെടുത്ത ശ്രീവാസ്തവ നേരത്തെ ഒരു വ്യവസായ പ്ലോട്ട് സ്വന്തമാക്കിയിട്ടുണ്ട്. അതിനെത്തുടർന്ന് ദാവൂദിന്റെ അനുയായികളുടെ ഭീഷണിയും ഉണ്ടായി.