കഥാപാത്രങ്ങളിലേക്ക് പാരകായ പ്രവേശം നടത്തുന്ന നെടുമുടി വേണു സ്വാഭാവിക അഭിനയകലയുടെ തമ്പുരാനായിരുന്നു. കൈവയ്‌ക്കുന്ന വേഷങ്ങളില്‍ അദേഹം അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു. തെന്നിന്ത്യ മുഴുവൻ ഇളക്കിമറിച്ച ഇന്ത്യൻ, അന്യൻ എന്നീ ശങ്കർ ചിത്രങ്ങളിലെ നെടുമുടി വേണുവിന്റെ കഥാപാത്രങ്ങൾ ഭാഷയ്ക്കപ്പുറമുള്ള അദ്ദേഹത്തിന്റെ സ്വാധീനം വ്യക്തമാക്കുന്നതായിരുന്നു. അന്യഭാഷകളില്‍ അത്രയേറെ സിനിമകളിലൊന്നും അഭിനയിച്ചിരുന്നില്ലെങ്കിലും തമിഴിലും തെലുങ്കിലുമടക്കം അദേഹത്തിന് അസംഖ്യം ആരാധകരുണ്ടായിരുന്നു.
കമൽഹാസൻ ഇരട്ടവേഷങ്ങളിൽ നിറഞ്ഞ ബ്രഹ്മാണ്ഡചിത്രം ഇന്ത്യനിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷം വേണു അവിസ്മരണീയമാക്കി. ക്ലൈമാക്സ് രംഗങ്ങളിൽ പോലും നിറഞ്ഞുനിന്ന അദ്ദേഹത്തിന്റെ പ്രകടനം ഇപ്പോഴും ആവേശം തീർക്കുന്നതാണ്. ഒപ്പം അന്യനിൽ വിക്രത്തിന്റെ അച്ഛന്റേ വേഷം ചെയ്യാനും ശങ്കർ ക്ഷണിച്ചത് വേണുവിനെ ആയിരുന്നു.
നടൻ കമൽഹാസൻ ഒരിക്കൽ വേണുവിനോടു പറഞ്ഞു. മലയാളത്തിൽ നിങ്ങൾ പരമാവധി അഭിനയിച്ചു കഴിഞ്ഞു. ഇനി തമിഴിലേക്കു വരൂ, ഞാൻ വേണമെങ്കിൽ നിങ്ങളുടെ സെക്രട്ടറിയാകാം. ഒരിക്കൽ നെടുമുടി വേണുവിന്റ സിനിമ കണ്ടുകൊണ്ടിരിക്കെ ശിവാജി ഗണേശന്റെ സഹായി ‘നെടുമുടി വേണു’ എന്ന് പറഞ്ഞു. ‘‘നെടുമുടി എന്നല്ല കൊടുമുടി വേണു എന്നു വിളിക്കണം, അഭിനയത്തിന്റെ കൊടുമുടിയിലാണ് അയാൾ’’ എന്നായിരുന്നു ശിവാജി ഗണേശന്റെ തിരുത്തൽ.
മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം എന്ന സിനിമയിൽ വേണുവിന്റെ നായിക ആയിരുന്ന ശാരദ ഒരിക്കൽ വേണുവിനോടു പറഞ്ഞു– ഈ പടം തമിഴിലോ തെലുങ്കിലോ എടുക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട് പക്ഷേ, ഞാൻ ആ സാഹസത്തിന് മുതിരുന്നില്ല. കാരണം വേണുവിന് പകരംവയ്ക്കാൻ ആ ഭാഷകളിൽ ആളില്ല.
“ഞാൻ വേണുസാറിന്റെ വലിയൊരു ആരാധകനാണ്. ജീവിച്ചിരിക്കുമ്പോഴേ ഞാൻ ഇക്കാര്യം പലതവണ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. ഇന്ത്യൻ സിനിമയിൽ അദ്ദേഹത്തെ പോലെ ഒരാളില്ല. അതുകൊണ്ടാണ് ഞാൻ നിർബന്ധിച്ച് അദ്ദേഹത്തെ ‘ഇന്ത്യൻ’ എന്ന തമിഴ് സിനിമയിലേക്ക് കൂട്ടികൊണ്ടുവന്നത്. വളരെ അപൂർവ്വമാണ് നെടുമുടിയെ പോലൊരു പ്രതിഭ, ആ പ്രതിഭയെ എന്നും മിസ്സ് ചെയ്യും. ഒരുപാട് പേർക്ക് പ്രചോദനമായ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്,” – നെടുമുടി വേണുവിനെ അനുസ്മരിച്ച് ഒരു സ്വകാര്യ ന്യൂസ് ചാനലിനോട് പ്രതികരിക്കുകയായിരുന്നു കമൽ ഹാസൻ.
നാടകരംഗത്തു നിന്നുമാണ് നെടുമുടി സിനിമയിൽ എത്തിയത്. അരവിന്ദൻ, പത്മരാജൻ, ഭരത് ഗോപി എന്നിവരുമായുള്ള സൗഹൃദമാണ് നെടുമുടി വേണുവിനെ സിനിമയിലേക്ക് എത്തിച്ചത്. സിനിമ, നാടന്‍ പാട്ട്, കഥകളി, നാടകം എന്നിവയിലെല്ലാം കഴിവുതെളിയിച്ച കലാകാരൻ. നടൻ എന്നതിനപ്പുറം തിരക്കഥ രചന, സംവിധാനം എന്നിവയിലും നെടുമുടി വേണു കഴിവു തെളിയിച്ചു. കാറ്റത്തെ കിളിക്കൂട് അടക്കം ആറോളം സിനിമകളുടെ തിരക്കഥാരചനയിൽ പങ്കാളിയായി.
‘പൂരം’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും അരങ്ങേറ്റം കുറിച്ചു. മൃദംഗം പോലുള്ള വാദ്യോപകരണങ്ങൾ വായിക്കുന്നതിലും പ്രാവിണ്യം നേടിയിരുന്നു നെടുമുടി വേണു. സീരിയൽ രംഗത്തും തിളങ്ങിയ താരമാണ് നെടുമുടി വേണു. മൂന്നു തവണ ദേശീയ പുരസ്കാരങ്ങളും ആറു സംസ്ഥാന പുരസ്കാരങ്ങളും ഈ പ്രതിഭയെ തേടിയെത്തിയിട്ടുണ്ട്.