മലയാളത്തിൻ്റെ അതുല്യ പ്രതിഭ നെടുമുടി വേണുവിൻ്റെ ഓർമകളിലുടെ അഷ്‌റഫ് പേങ്ങാട്ടയിൽ. അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഓർമ്മകൾ പങ്കുവെച്ചത്.
അഷ്‌റഫ് പേങ്ങാട്ടയിൻ്റെ ഫേസ്ബുക്ക് കുറിപ്പ്:
തിരുനാവായയിൽ, നിളയുടെ തീരത്ത് ‘തമ്പി’ന്റെ നാൽപതാം വാർഷിക ആഘോഷത്തിലും അതിന്റെ ഒരുക്കങ്ങളിലുമാണ് നെടുമുടി വേണുച്ചേട്ടനുമായി കുറച്ച് അടുത്തിടപഴകാൻ കഴിഞ്ഞത്. മുറുക്കാൻ ചവച്ചുപിടിച്ച് പാതിചതഞ്ഞ വാക്കുകളാൽ നാട്ടുവർത്താനത്തിനിരിക്കുന്ന, ചെറുതമാശകളിൽ വാപൊത്തിച്ചിരിക്കുന്ന തനി ആലപ്പുഴക്കാരൻ!
അപൂർവ്വമായി ചില ഫോൺ കോളുകൾ ഇടക്ക് ഉണ്ടായിട്ടുണ്ടെങ്കിലും അവസാനമായി കണ്ടത് അങ്ങാടിപ്പുറത്ത് വെച്ചാണ്. രണ്ടു വർഷം മുമ്പ്. തിരുമാന്ധാംകുന്നിലെ ഞരളത്ത് സംഗീതോത്സവത്തിൽ പ്രഥമ മാന്ധാദ്രി പുരസ്കാരം ഏറ്റുവാങ്ങാൻ വന്നതായിരുന്നു വേണുച്ചേട്ടൻ. തമ്പ് നാൽപ്പതിൽ വെച്ചുകണ്ട ഓർമ്മയിൽ വേഗം കൈനീട്ടിച്ചിരിച്ചു. സ്നേഹത്തോടെ ചേർത്തുനിർത്തി. പഴയ വർത്താനങ്ങൾ ചിലത് ഓർത്തു പറഞ്ഞു.
തമ്പമ്പതും നമുക്ക് നിളാ തീരത്തു തന്നെ വിപുലമായി ആഘോഷിക്കണമെന്ന് സംസാരമദ്ധ്യേ ഞാൻ വേണുച്ചേട്ടനോട് സൂചിപ്പിച്ചു. അദ്ദേഹം ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. “അന്ന് നമുക്കവിടെ ഒരു തമ്പു കെട്ടണം. പറ്റുമെങ്കിൽ ചെറിയൊരു സർക്കസു സംഘത്തെ കൊണ്ടു വന്ന് സൗജന്യ ഷോ വെക്കണം…” ഞാൻ വീണ്ടും പറഞ്ഞു. വേണുച്ചേട്ടൻ പക്ഷെ അപ്പോഴും ചിരിച്ചു തലയാട്ടിയതല്ലാതെ ഒന്നും പറഞ്ഞില്ല.
“അതിനൊക്കെ ഇനിയെത്ര സമയം കെടക്കുന്നു അഷർഫേ, നമുക്കപ്പോൾ ആലോയ്ച്ചാൽ പോരെ”. ശ്രീരാമേട്ടൻ ഇടപെട്ടതോടെ വിഷയം മാറി.
തമ്പമ്പതിന്നു കാത്തു നിൽക്കാതെ വേണുച്ചേട്ടനിതാ തമ്പൊഴിഞ്ഞിരിക്കുന്നു. എങ്കിലും മലയാള സിനിമക്ക് ഒരിക്കലും മറച്ചു പിടിക്കാനാവാത്ത ഒട്ടനവധി അഭിനയ ഗോപുരങ്ങളുയർത്തിയാണ് മഹാനടൻ തമ്പിറങ്ങുന്നത്. വിട വേണുച്ചേട്ടാ !
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fashraf.pangatayil%2Fposts%2F5248733585141158&show_text=true&width=500