ലഖ്‌നൗ: കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ പങ്കുചേര്‍ന്ന് പ്രിയങ്കാ ഗാന്ധിയും. ലഖ്‌നൗവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന മൗനവ്രതത്തിലാണ് പ്രിയങ്കയും പങ്കെടുത്തത്. കര്‍ഷകരുടെ കൊലപാതകത്തില്‍ സുതാര്യമായ അന്വേഷണം നടക്കണമെങ്കില്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രിയെ പുറത്താക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.
അജയ് മിശ്രയെ പുറത്താക്കുന്നതു വരെ താന്‍ പോരാടുമെന്ന് പ്രിയങ്ക പ്രതികരിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതിയെ സംരക്ഷിക്കുന്നുവെന്നും പ്രിയങ്ക ആരോപിച്ചു.
കര്‍ഷകരെ കൊലചെയ്ത സംഭവത്തില്‍ കേന്ദ്രമന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മകനുള്‍പ്പെടുന്ന കേസ് ആയതിനാല്‍ അജയ് മിശ്ര മന്ത്രിസ്ഥാനത്ത് തുടരുന്നത് അന്വേഷണത്തെ വഴിതെറ്റിക്കാന്‍ ഇടയാക്കുമെന്നാണ് കോണ്‍ഗ്രസ് വാദം.
അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ആവശ്യപ്പെട്ടു. അജയ് മിശ്ര മന്ത്രി സ്ഥാനത്തിരിക്കുമ്ബോള്‍ ലഖിംപൂര്‍ കര്‍ഷക കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് സത്യസന്ധമായ അന്വേഷണം നടക്കില്ലെന്ന് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ക്കെതിരായ അജയ് മിശ്രയുടെ വിദ്വേഷ പ്രസംഗമാണ് അക്രമങ്ങള്‍ക്കും അനിഷ്ട സംഭവങ്ങള്‍ക്കും വഴിവച്ചത്. അജയ് മിശ്ര മന്ത്രിസ്ഥാനം രാജിവക്കുകയോ ഇല്ലെങ്കില്‍ പുറത്താക്കുകയോ വേണമെന്നും യെച്ചൂരി പറഞ്ഞു.